ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവ് നാളെ തീയ്യേറ്ററുകളില്‍ എത്തും. ഫെബ്രുവരി 14 വാലന്റ്റൈന്സ് ദിനം ലക്ഷ്യമിട്ടാണ് ചിത്രം നാളെ തന്നെ റിലീസിനെത്തുന്നത്. ഡിസ്ലൈക്ക് ക്യാമ്പയിനാല് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 1200 തിയ്യേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ആദ്യമായാണ് മലയാളത്തില്‍ നിന്നും ചെറിയ ബജറ്റ് ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയ്യേറ്ററുകളില്‍ റിലീസിനെത്തുന്നത്.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. സോഷ്യല്‍ മീഡിയ വഴി ഓഡിഷന് നടത്തി പുതുമുഖങ്ങളെ കണ്ടെത്തിയാണ് ഒമര്‍ പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തിന്റെ ടീസറിനും പാട്ടിനുമെല്ലാം വന്‍ പ്രധാന്യം ലഭിച്ചതിനാല്‍ ചിത്രത്തിന്റെ റിലീസും വലിയ വാര്ത്തയാവുന്നുണ്ട്.