വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ വാരിക്കൂട്ടിയ വെബ് സീരീസാണ് കരിക്ക്. അവതരണത്തിലെ പുതുമയും അഭിനയത്തിലെ മികവുമാണ് കരിക്കിനെ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ഹിറ്റാക്കി മാറ്റിയത്. എപ്പിസോഡുകളായി ഇറങ്ങുന്ന കരിക്കിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
കരിക്കിന്റെ സ്വന്തം ജോര്‍ജ്ജ്, ലോലന്, ശംഭു, ഷിബു തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും ഇന്ന് മലയാളികളുടെ പ്രിയ താരങ്ങളാണ്. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ച വെയ്ക്കുന്നതെങ്കിലും ഇതില്‍ എടുത്ത് പറയേണ്ട പേരുകള്‍ ലോലന്റെയും ജോര്‍ജിന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടേതാണ്.
തൊഴില്‍ രഹിതനായ ജോര്‍ജ്ജിനെ അവതരിപ്പിക്കുന്നത് അരുണ്‍ കെ. അനിയനും കട്ട വായ്നോക്കിയായ ലോലനായി എത്തുന്നത് ശബരീഷ് സജിനുമാണ്. എന്‍ജിനീയറിങ് കഴിഞ്ഞ ഇരുവരും ചേര്‍ന്നാണ് കരിക്കിലെ എപ്പിസോഡുകളുടെ രചനയും നടത്തുന്നത്.
നാല് സുഹൃത്തുക്കളുടെ ദൈനംദിന ജീവിതം ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച കരിക്കിലെ ശബരീഷ് അവതരിപ്പിച്ച ലോലന്റെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മ ഒഴികെ ബാക്കി എല്ലാവരും തന്നെ ലോലന് എന്നാണ് വിളിക്കുന്നതെന്നാണ് ശബരീഷിന്റെ കമന്റ്. അത്രത്തോളം ആരാധകര്‍ തങ്ങളെ സ്വീകരിച്ചുവെന്ന് കരിക്ക് ടീം ഒന്നടങ്കം അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്നു.