പൃഥിരാജ് ചിത്രം 9 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാള സിനിമാ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യ സംഭവമായി 15 ചാനലുകളിലൂടെയാണ് 9 ന്റെ ട്രെയിലര്‍ റിലീസ് ചെയ്യുകയെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.
ഏറെ നിഗൂഢതകള്‍ നിറഞ്ഞ 9ന്റെ ട്രെയ്ലര് പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. കാണികളെ ആകാംഷാഭരിതരാക്കുന്ന രീതിയിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ‘9 ഈ ലോകത്തിനുമപ്പുറം’ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്.
100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സോണി പിക്ചേഴ്സ് ആദ്യമായി മലയാള ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സോണിയും പൃഥ്യിരാജും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആല്ഹര്ട്ട് എന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിക്കുന്നത്. പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖി ഖബ്ബി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്ത മാസം 7ന് ചിത്രം തീയ്യേറ്ററുകളിലെത്തും.