വിജയ് ദേവരെക്കൊണ്ട നായകനായ ‘ഗീതാഗോവിന്ദം’ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചിത്രത്തിലെ ഗോപി സുന്ദര്‍ ഈണമിട്ട ‘ഇങ്കേം ഇങ്കേം ഇങ്കേം കവലേ’ എന്ന ഗാനം മലയാളികളടക്കം നെഞ്ചേറ്റിയതാണ്.
ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. വിജയ് ദേവരെക്കൊണ്ട അഭിനയിച്ച നായക കഥാപാത്രം വിജയ് ഗോവിന്ദ് ആയി ഇഷാന് ഖട്ടര്‍ എത്തുമെന്നാണ് വിവരം. ‘ധടക്’ എന്ന ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ നായകനായാണ് ഇഷാന് ബോളിവുഡ് അഭിനയരംഗത്ത് ചുവടുവെക്കുന്നത്. ‘ഉഡ്താ പഞ്ചാബി’ലും ‘ഹാഫ് വിന്‍ഡോ’വിലും സഹസംവിധായകനായിരുന്നു ഇഷാന്.
പരശുറാം സംവിധാനം ചെയ്ത ‘ഗീതാഗോവിന്ദം’ ബോക്സ് ഓഫീസില്‍ 130 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. പത്ത് കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. രശ്മിക മന്ദനയായിരുന്നു വിജയ്യുടെ നായിക. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണ് എന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.