മുഖക്കുരു നിറഞ്ഞ മേക്കപ്പ് ഇല്ലാത്ത മുഖവുമായി സ്ക്രീനിലേക്കെത്തിയ മലര് മിസിലൂടെ സായ്പല്ലവിയെ പ്രേക്ഷകര്‍ ശാലീനസൗന്ദര്യത്തിന്റെ പ്രതീകമായാണ് ഏറ്റെടുത്തത്. പ്രേമം സിനിമയിലെ ആ ശാലീന സുന്ദരി പിന്നീട് നിരവധി സിനിമകള്‍ ചെയ്തെങ്കിലും കേരളക്കാര്‍ക്ക് ഇന്നും മലര്‍മിസ്സ് തന്നെ. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ചാണ് സായ് പല്ലവി പ്രേമത്തിലൂടെ ആരാധകരുടെ മനസില്‍ ചേക്കേറിയത്.
എന്നാല്‍ സിനിമാസ്വാദകരെപോലെ തനിക്കും മലര് മിസ് എന്ന കഥാപാത്രം ഏറെ പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് സായ് പല്ലവി. താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചത് ആ കഥാപാത്രമാണെന്ന് സായ് പല്ലവി തുറന്ന് പറഞ്ഞു. സൗന്ദര്യത്തില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും താനൊരു സുന്ദരിയാണെന്ന് ഇതേവരെ തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു.
എന്നാല്‍ പ്രേമം സിനിമ തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. ഈ സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മേയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അതിന്റെ ഒന്നും ആവശ്യമില്ലെന്നും യഥാര്‍ത്ഥ സൗന്ദര്യമാണ് വേണ്ടതെന്നും സംവിധായകന് അല്‍ഫോന്‍സ് പുത്രന് പറഞ്ഞെന്ന് സായ്പല്ലവി പറഞ്ഞു.
കഥാപാത്രത്തെ എത്രത്തോളം മികച്ചതാക്കാന്‍ സാധിക്കുന്നു എന്നതിലാണ് കാര്യമെന്നും അല്ലാതെ വെറുതെ മേക്കപ്പ് ഇട്ട് സ്ക്രീനിലെത്തുന്നതല്ല എന്ന ബോധ്യം പ്രേമം എന്ന ചിത്രത്തിലൂടെ തനിക്ക് കിട്ടിയെന്നും സായി പറയുന്നു.