വിവാഹ വാര്‍ത്തകളോടും, വ്യാജപ്രചരണങ്ങളോടും കയര്‍ത്ത് നടി തമന്ന ഭാട്ടിയ. നാളുകള്‍ മുന്‍പാണ് തമന്ന വിവാഹിതയാകുന്നുവെന്നും വരന് ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇതിനെതിരേയാണ് രൂക്ഷ പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ പേജിലാണ് തമന്ന നിലപാട് വ്യക്തമാക്കിയത്.
ഒരു ദിവസം അതൊരു നടന്. മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ ഡോക്ടറാണ്. ഈ അപവാദ പ്രചരണങ്ങളെല്ലാം കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് പൂര്‍ണമായി താല്പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.
സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ഞാന്‍ ജീവിച്ചുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ അത്ഭുതപ്പെടുകയാണ്. ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ്- തമന്ന കുറിച്ചു.