ബംഗളൂരു: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നഡ സിനിമാലോകത്തെ പ്രമുഖരുടെ വീടുകള്‍ റെയ്ഡ് നടത്തി. നിര്‍മ്മാതാവ് റോക്ക്ലൈന് വെങ്കടേഷ്, കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്, കെ ജി എഫ് താരം യഷ്, നടന്മാരായ സുദീപ്, ശിവരാജ്കുമാര്, സിനിമാനിര്‍മ്മാതാവ് ജയണ്ണ എന്നിവരുടെ വീടുകളാണ് റെയ്ഡ് ചെയ്തത്.
ഇത്തരത്തില്‍ ബെംഗലുരുവില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ നിയമരേഖകള്‍ പരിശോധിക്കുന്നത് ഇരുനൂറോളം ഐടി ഉദ്യോഗസ്ഥരാണ്. സിനിമാനിര്‍മ്മാതാക്കള്‍ കള്ളപ്പണം അട്ടിമറിക്കാനായി നിര്‍മ്മാണത്തില്‍ കൂടുതല്‍ പണം ഇറക്കുന്നുണ്ടെന്നും ലാഭം കൊയ്യുന്നുണ്ടെന്നുമുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഈ റെയ്ഡ്.
ശരവണ ഭവന് ഗ്രൂപ്പ് അടക്കമുള്ള മുപ്പത്തിരണ്ടോളം സ്ഥാപനങ്ങളും നികുതിയടച്ചില്ലെന്ന പരാതിയുടെ പേരില്‍ റെയ്ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.