ചെന്നൈ: നിര്‍മാതാക്കളായ പിടി ശെല്വകുമാര്, ആര് ചന്ദ്രശേഖര്‍ എന്നിവര്‍ റോയല്‍റ്റി വിവാദത്തില്‍ ഇളയരാജയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. നിര്‍മ്മാതാക്കളുടെ വാദം തങ്ങള്‍ മുതല്‍ മുടക്കിയ സിനിമകളിലെ ഗാനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ്. ഗാനങ്ങളുടെ ആദ്യ അവകാശികള്‍ നിര്‍മ്മാതാക്കളാണ് എന്നാണ് ഇവര്‍ പറയുന്നത്.
ഇളയരാജയുടെ ആവശ്യം താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് റോയല്‍റ്റി നല്‍കണമെന്നതാണ്. അത് ലംഘിച്ചുവെന്നാരോപിച്ച് ചിത്ര, എസ്പി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഇളയരാജ കഴിഞ്ഞമാസം റോയല്‍റ്റി വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണമെന്നും ഇളയരാജ വ്യക്തമാക്കി.
ഇളയരാജ റോയല്‍റ്റി ശേഖരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ടിസ്റ്റ് അസോസിയേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. റോയല്‍റ്റി ആവശ്യപ്പെടുന്നത് 2012 ല്‍ ഭേദതഗി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ്.