അണിയറയില്‍ ഒരുങ്ങുകയാണ് ‘കുഞ്ഞാലി മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുക്കെട്ടിലാണ് ചിത്രം എത്തുന്നത്. ഏറെ പ്രതീക്ഷയോടെ സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ഈ അവസരത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ മോഹന്‍ലാലിന്റെ വേഷം ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ആര്‍ക്കിടെക്റ്റും ഗവേഷകനുമായ ജയന് ബിലാത്തിക്കുളം. സിക്ക് മതവിശ്വാസിയുടേതിന് സമാനമാണ് ഫസ്റ്റ്ലുക്കില്‍ കാണുന്ന കുഞ്ഞാലി മരയ്ക്കാറുടെ വേഷം എന്ന് ജയന് ബിലാത്തിക്കുളം ചൂണ്ടിക്കാണിക്കുന്നു.
ബാഹുബലി പോലെ കുഞ്ഞാലി മരയ്ക്കാര്‍ ഒരു ഫാന്റസി സിനിമയല്ല. അതൊരു ചരിത്ര സിനിമയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പരിപൂര്‍ണതയ്ക്ക് വേണ്ടി അക്കാലത്തെ മുസ്ലീംമത വിശ്വാസികളുടെ വേഷവിധാനങ്ങള്‍ പഠന വിധേയമാക്കണമെന്ന് ജയന് ബിലാത്തിക്കുളം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.