ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നെഞ്ചേറ്റിയവര്‍ക്കു നന്ദി പറഞ്ഞ് പ്രിയതാരം മോഹന്‍ലാല്‍. ഗാനത്തിനു സംഗീതം നല്കിയ എം ജയചന്ദ്രനൊപ്പം എത്തിയാണു മോഹന്‍ലാല്‍ വിഡിയോയിലൂടെ നന്ദി പറഞ്ഞത്.
‘ഒരുപാടൊരുപാട് സന്തോഷം നല്കുന്ന കാര്യം പറയാനാണ്. കുട്ടന് സംഗീതം നല്കിയ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം. മുപ്പതു ലക്ഷത്തിലധികം പേര് ഗാനം കേട്ടുകഴിഞ്ഞു. എനിക്ക് വ്യക്തിപരമായി ഈ ഗാനം വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നല്ല ഗാനങ്ങള്‍ എനിക്കു സമ്മാനിച്ചിട്ടുള്ള ആളാണ് കുട്ടന് ഒടിയനിലെ എല്ലാ ഗാനങ്ങളും അതി മനോഹരമാണ്. എനിക്ക് ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച ആളാണു കുട്ടന്. എനിക്കും ഈ ചിത്രത്തില്‍ ഒരു പാട്ടുപാടാന്‍ അവസരം ലഭിച്ചു. ഞാന്‍ കുട്ടന്റെ കൂടെ ഒരുപാടു ഗാനങ്ങള്‍ സിനിമയില്‍ പാടിയിട്ടുണ്ട്. ശ്രോതാക്കള്‍ എല്ലാവരോടും നന്ദി അറിയിക്കുകയാണ്’. ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ഒപ്പം മോഹന്‍ലാല്‍ എം ജയചന്ദ്രനോടായി ഇങ്ങനെ പറഞ്ഞു. ‘ വളരെ മനോഹരമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത് കുട്ടന് ഈ ഗാനം കാണൂ. നമ്മള് വിചാരിക്കാത്ത ഒരുതലത്തിലേക്ക് ആ ഗാനം നമ്മളെ എത്തിക്കും’. ഒരുപാടു നല്ല ഗാനങ്ങള്‍ എം ജയചന്ദ്രനു ചെയ്യാന്‍ സാധിക്കട്ടെ എന്നും മോഹന്‍ലാല്‍ ആശംസിച്ചു.
ശ്രേയ ഘോഷാലും ഗാനം ഹൃദയത്തിലേറ്റിയവര്ക്കു നന്ദി പറഞ്ഞിരുന്നു. മികച്ച പ്രതികരമമാണു ഒടിയനിലെ ആദ്യഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങില്‍ ഒന്നാമതെത്തിയിരുന്നു ഗാനം. റഫീഖ് അഹമ്മദിന്റെതാണു ഗാനത്തിന്റെ വരികള്‍. ശ്രേയ ഘോഷാലും സുധീപും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒടിയന്റെയും പ്രഭയുടെയും പ്രണയമാണു ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.