പനാജി: ഗോവയില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക് ആകെ 22 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തത്. 190 ചിത്രങ്ങള്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, രാജ്യവിരുദ്ധമായതുകൊണ്ടാണ് ഇവ ഒഴിവാക്കിയതെന്ന് പറയാനാവില്ലെന്ന് മേജര്‍ രവി പറഞ്ഞു. രാജ്യവിരുദ്ധമെന്ന് പറയാവുന്ന ഒരൊറ്റ സിനിമയും ഉണ്ടായിരുന്നില്ലെന്ന് ജൂറി അംഗം കെജി സുരേഷും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്ന കാരണത്താല്‍ ചലച്ചിത്രമേളയില്‍ നിന്ന് ഏതാനും ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന ജൂറിയംഗം ഉജ്വല്‍ ചാറ്റര്‍ജിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. ഒരു അഭിമുഖത്തിലായിരുന്നു ചാറ്റര്‍ജിയുടെ തുറന്നുപറച്ചില്‍. രാജ്യവിരുദ്ധമാണെന്ന പേരില്‍ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒരു സിനിമയും ഒഴിവാക്കിയിട്ടില്ലെന്നാണ് ഫീച്ചര്‍ സിനിമകളുടെ ജൂറി അംഗങ്ങള്‍ വ്യക്തമാക്കിയത്. ജൂറി ചെയര്‍മന്‍ രാഹുല്‍ രവൈല്‍, അംഗങ്ങളായ മേജര്‍ രവി, കെജി സുരേഷ്, വിനോദ് ഗണത്ര എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനായി ചേര്‍ന്ന ജൂറിയുടെ യോഗത്തില്‍ ആരാണ് രാജ്യവിരുദ്ധം എന്ന പദം ഉപയോഗിച്ചതെന്ന് അറിയില്ലെന്നായിരുന്നു രാഹുല്‍ റവൈലിന്റെ ആദ്യ പ്രതികരണം. അടച്ചിട്ട മുറിയിലാണ് ജൂറിയുടെ യോഗങ്ങളെല്ലാം നടന്നത്. ഇവിടെ നടന്ന ചര്‍ച്ചകള്‍ പുറത്തുപറയില്ലെന്ന് അംഗങ്ങളെല്ലാം ധാരണയിലെത്തുകയും ചെയ്തിരുന്നു. ഉജ്വല്‍ ചാറ്റര്‍ജി അങ്ങനെ പറയാന്‍ സാധ്യതയില്ല. മാധ്യമങ്ങള്‍ അദ്ദേഹം പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാവാനേ വഴിയുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.