ന്യൂഡല്‍ഹി: ബോളിവുഡ് നടിയും മുന്‍ മിസ് ഇന്ത്യയുമായ നിഹാരിക സിങ്ങിന്റെ മുന്‍ ആണ്‍സുഹൃത്ത് നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെയുള്ള മീടു ആരോപണങ്ങളെ വിമര്‍ശിച്ച് നടി കുബ്ര സെയ്ത്. ഒരു ബന്ധം നല്ല നിലയിലല്ല മുന്നോട്ടു പോയതെങ്കില്‍ അതിനെ മീടു അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് നടി കുബ്ര സെയ്ത് അഭിപ്രായപ്പെട്ടു.
കുബ്ര സെയ്ത് സാക്രഡ് ഗെയിംസ് എന്ന സിനിമയില്‍ നവാസുദ്ദീന്റെ നായികയായിരുന്നു. നിഹാരികക്ക് സിനിമാ ലോകത്ത് നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന കാര്യം കുബ്ര സെയ്ത് നിഷേധിക്കുന്നില്ല. എന്നാല്‍ പരാജയപ്പെട്ട ഒരു ബന്ധം മീടുവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് അവര്‍ വ്യക്തമാക്കി. ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതിനു മുമ്പ് വ്യത്യാസങ്ങള്‍ മനസിലാക്കണം. താന്‍ നവാസുദ്ദീന്‍ സിദ്ദീഖിക്ക് ഒപ്പമാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
മിസ് ലൗലി എന്ന സിനിമയില്‍ നവാസുദ്ദീനൊപ്പം അഭിനയിച്ച താരമാണ് നിഹാരിക. ഒന്നര വര്‍ഷത്തോളം ഇരുവരുടെയും ബന്ധം നീണ്ടു നിന്നിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിലാണ് നിഹാരികയുടെ മീടു ആരോപണം മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോന് പുറത്തു വിട്ടത്. എന്നാല്‍ നവാസുദ്ദീന്‍ സിദ്ദീഖി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിരാഹിരകയുടെ ആരോപണം നവാസുദ്ദീന്‍ സിദ്ദീഖി തന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നായിരുന്നു. തന്റെ കൂടെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചതായിരുന്നു നവാസുദ്ദീനെ. അദ്ദേഹം വന്നയുടന്‍ തന്നെ ചുറ്റിപ്പിടിച്ചു. തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍പ്പനേരത്തെ ബലപ്രയോഗത്തിനു ശേഷം ഒടുവില്‍ താന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നിഹാരിക വെളിപ്പടുത്തിയത്.
ഈ ആരോപണത്തോട് സാദൃശ്യമുള്ള വാചകങ്ങള്‍ സിദ്ദീഖിയുടെ ആത്മകഥയിലും ഉണ്ടായിരുന്നു. നിഹാരികയുടെ വീട്ടിലേക്ക് ആദ്യമായി താന്‍ ചെന്നു. വാതില്‍ തുറന്ന ഉടന്‍ അവളെ കൈകളിലെടുത്ത് നേരെ കിടപ്പു മുറിയിലേക്ക് പോയി. തങ്ങളുടെ ബന്ധം ഒന്നര വര്‍ഷത്തോളം നീണ്ടു എന്നും സിദ്ദീഖി ആത്മകഥയില്‍ വിവരിച്ചിരുന്നു.