ചെന്നൈ: ഒരുപാട് വിവാദങ്ങള്‍ക്കിടയിലും ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ‘സര്‍ക്കാര്‍’ റെക്കോര്‍ഡിലേക്ക്. നാലു ദിവസം കൊണ്ട് ചിത്രം നേടിയത് 150 കോടി രൂപയുടെ കളക്ഷനാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സ്ഥിരീകരിച്ചു.
ലോകമെമ്പാടുമായി 3000ലധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം തന്നെ 100 കോടി മറികടന്നിരുന്നു. വിജയിയുടെ സര്‍വകാല റെക്കോര്‍ഡ് ചിത്രം ‘തെറി’യെ മറികടന്ന് മുന്നേറുകയാണ് ‘സര്‍ക്കാര്‍’. കഴിഞ്ഞ ഒരാഴ്ചയില്‍ തന്നെ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ പിന്നിടുമെന്നാണ് ലഭിക്കുന്ന വിവരം.
100 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ വിജയ് ചിത്രമാണ് സര്‍ക്കാര്‍. വേഗത്തില്‍ 100 കോടി സ്വന്തമാക്കിയ തമിഴ് ചിത്രമെന്ന പുതിയ റെക്കോര്‍ഡും സര്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ബാഹുബലി 2ന്റെ തമിഴ്നാട്ടിലെ ആദ്യ ദിന കളക്ഷനും സര്‍ക്കാര്‍ തകര്‍ത്തു. ഇനി ഏറ്റവും കൂടുതല്‍ പണം വാരുന്ന തമിഴ് ചിത്രമെന്ന നേട്ടം കൂടി സര്‍ക്കാര്‍ മറികടക്കുമെന്നാണ് ആരാധകരും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും പ്രതീക്ഷിക്കുന്നത്.