കോഴിക്കോട്: രണ്ടാമൂഴം തിരക്കഥാ പ്രശ്നത്തില്‍ നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവന്‍ നായര്‍. ചര്‍ച്ചയ്ക്കു തയാറല്ലെന്നും മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുവേണമെന്നും എം.ടി വാസുദേവന്‍ നായര്‍ കോടതിയെ അറിയിച്ചു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാലിലേക്കു മാറ്റി.
എം.ടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയൊരുക്കുന്നതു നേരത്തെ കോടതി തടഞ്ഞിരുന്നു. 2014 ഡിസംബറിലുണ്ടാക്കിയ കരാര്‍ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ കൈമാറിയിട്ടും നിശ്ചിതകാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടര്‍ന്ന് തിരക്കഥ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് എം.ടി അഭിഭാഷകന് മുഖേന കോടതിയെ സമീപിച്ചത്. രണ്ടു കോടി രൂപ പ്രതിഫലത്തിനു തിരക്കഥ കൈമാറാനാണ് കരാര്‍.
സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും തിരക്കഥ കൈമാറുന്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്ന് എം.ടി പറയുന്നു.
മഹാഭാരത കഥ ആസ്പദമാക്കി രചിച്ച എം.ടിയുടെ വിഖ്യാത നോവലാണ് രണ്ടാമൂഴം. ഭീമന് കേന്ദ്രകഥാപാത്രമായ നോവല്‍ സിനിമയാകുന്പോള്‍ മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ശ്രീകുമാര്‍ മേനോന് ആണ് നിര്‍ദിഷ്ട സിനിമയുടെ സംവിധായകന്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്.