കോഴിക്കോട്: കല്യാണ വീടുകളില്‍ താരമായി നടക്കുന്ന കല്യാണ ചെക്കനും പെണ്ണിനും എട്ടിന്റെ പണി കൊടുക്കലാണ് സുഹൃത്തുക്കളുടെ പ്രധാന പണി. ഇന്ന് പലയിടങ്ങളിലും ഇത് ഒരു ആചാരം കണക്കെ ചെയ്തു വരുന്നുണ്ട്. പലപ്പോഴും തമാശക്കളി കാര്യത്തില്‍ കലാശിക്കാറുമുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന് മാമുക്കോയ. ഈ പ്രവര്‍ത്തികള്‍ അത്രയും കോമാളി തരവും കോപ്രായം കാണിക്കലാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ‘എല്ലാമതത്തെയും ചില തത്പര കക്ഷികള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാറുണ്ട്. മലബാറിലെ കല്യാണ വീടുകളില്‍ കാണിക്കുന്ന കോപ്രായങ്ങളോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാല്‍ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങള്‍ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ കഷ്ടപ്പെട്ട് മനോഹരമായി അലങ്കരിച്ചു വയ്ക്കുന്ന മണിയറയെല്ലാം അലങ്കോലമാക്കുന്ന ഇത്തരം പ്രവണതകളൊന്നും നന്നല്ല. മാമുക്കോയ പറയുന്നു.
ഈ പ്രവര്‍ത്തി ആണോ കൂട്ടുകാര്‍ ചെയ്യേണ്ടത്. താരം ചോദിക്കുന്നു. ആദ്യമാദ്യം ചില സ്ഥലങ്ങളില്‍ മാത്രം നടന്നിരുന്ന ഇത്തരം പ്രവണതകള്‍ ഒരാചാരം എന്നോണം ഇപ്പോള്‍ മലബാര്‍ മേഖലയിലെമ്പാടും നടക്കുന്നുണ്ട്. മലപ്പുറത്തെ മുസ്ലീം കല്യാണ വീടുകളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പിടിക്കുന്നതിനുമെതിരെ പണ്ട് കുറേ പേര് വലിയ ഇടങ്ങേറുണ്ടാക്കിയിരുന്നു. അന്ന് അതിനെതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു’. മാമുക്കോയ കൂട്ടിച്ചേര്‍ത്തു.