രംഗീല രാജ എന്ന തന്റെ ചിത്രത്തോട് സെന്‍സര്‍ ബോര്‍ഡ് അനീതി കാണിച്ചു എന്നാരോപിച്ച് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിയ്ക്കെതിരെ മുന്‍ സെന്‍സര്‍ ബോര്‍ഡ് തലവനും സംവിധായകനുമായ പഹ്ലാജ് നിഹലാനി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തന്റെ പുതിയ ചിത്രം രംഗീല രാജയിലെ 20 ഓളം ദൃശ്യങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡ് തലവനെതിരെ നിഹലാനി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
മുംബൈ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ നിഹലാനി നല്കിയ പരാതി കേള്‍ക്കാന്‍ വിസമ്മതം രേഖപ്പെടുത്തിയത്. തന്റെ ചിത്രത്തിനോട് സെന്‍സര്‍ ബോര്‍ഡ് കാണിച്ച അനീതിയില്‍ സത്വര നടപടികള്‍ വേണം എന്ന ആവശ്യവുമായാണ് നവംബര്‍ 4-ാം തിയ്യതി നിഹലാനി കോടതിയെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്നും ഇരുപതോളം രംഗങ്ങള്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. രംഗീല രാജയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ കോടതിയെ സമീപിക്കുകയാണ്. ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും പാലിക്കാതെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഞാനും സെന്‍സര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്, സംവിധായകനും നിര്‍മ്മാതാവുമാണ്.
എന്റെ ഒരു സിനിമയും കട്ട് ചെയ്ത് കളയേണ്ടതായ രംഗങ്ങളോടെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല, പിന്നെ എന്തുകൊണ്ട് ഈ സിനിമ മാത്രം? ഇത് അനാവശ്യവും അനീതി നിറഞ്ഞതുമായ നടപടിയാണ്. അംഗീകരിക്കാനാവില്ല, എന്നാണ് ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ പരാതി സമര്‍പ്പിച്ചതിനു ശേഷം നിഹലാനി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഗോവിന്ദ നായകനാകുന്ന ചിത്രത്തില്‍ അശ്ലീലം നിറഞ്ഞതായ ദൃശ്യങ്ങളൊന്നുമില്ലെന്നും നിഹലാനി അവകാശപ്പെടുന്നു. പ്രേക്ഷകര്‍ക്ക് അറിയാം ഏതുതരം സിനിമകള്‍ കാണണം, ഏതൊക്കെ സിനിമകള്‍ കാണേണ്ട എന്ന്. ഞാന്‍ അന്നും ഇന്നും ഒരു നിര്‍മ്മാതാവാണ്. ഒരു നിര്‍മ്മാതാവെന്ന രീതിയില്‍ എന്റെ ചുമതലയാണ് സിനിമ സെന്‍സര്‍ ബോര്‍ഡിനു മുന്നില്‍ സമര്‍പ്പിക്കുക എന്നത്, എന്റെ ജോലി ഞാന്‍ വിശ്വസ്തതയോടെ ചെയ്തു.
പക്ഷേ എന്നാല്‍ പ്രസൂണ്‍ ജോഷി തന്റെ ജോലി ചെയ്യാനായി ഓഫീസില്‍ പോലും പോകുന്നില്ല. എപ്പോഴും യാത്രകളിലാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ പകരക്കാരനാവുന്ന ചെയര്മാന് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയാണ്, എന്ന് കുറ്റപ്പെടുത്തിയ നിഹലാനി ഓഫീസ് കാര്യങ്ങളില്‍ അലംഭാവം കാണിക്കുന്ന പ്രസൂണ്‍ ജോഷിയെ ബോര്‍ഡ് തലവന്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നിഹലാനിയും ഗോവിന്ദയും ഒന്നിക്കുന്ന പടമാണ് രംഗീല രാജ. മുന്‍പ് ഇല്സാം, ഷോല ഔര്‍ ഷബ്നം, ആന്ഖെന് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.