ആദ്യം മുതല്‍ തന്നെ മീടൂ മൂവ്മെന്റിനെ പിന്തുണച്ച്, ശക്തമായ നിലപാട് സ്വീകരിച്ച താരങ്ങളില്‍ ഒരാളാണ് ആമിര്‍ ഖാന്. താനും ഭാര്യ കിരണ്‍ റാവുവും മീടൂ ആരോപണവിധേയര്‍ക്കൊപ്പം സഹകരിച്ച് വര്‍ക്ക് ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരമിപ്പോഴും.
സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ പങ്കെടുക്കുന്നതിനിടെ മീടൂവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയായിരുന്നു ആമിര്‍ ഖാന്. മീടൂ ബോളിവുഡില്‍ ഏറെ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ആമിര്‍ അഭിപ്രായപ്പെട്ടു.
സിനിമാരംഗത്ത് മാത്രമല്ല ഏതു രംഗത്തും സംഭവിക്കേണ്ട ശരിയായ കാര്യമാണ് മീടൂ എന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ഇതു മൂലം ഇന്‍ഡസ്ട്രിയില്‍ ഒരു തരം ശുചീകരണം സംഭവിക്കുന്നുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുന്നു. സ്ത്രീകള്‍ ഉറക്കെ അവരുടെ പ്രശ്നങ്ങളെ കുറിച്ച് നിര്‍ഭയം സംസാരിക്കുമ്പോള്‍ സ്ത്രീ ശാക്തീകരണം കൂടിയാണ് സംഭവിക്കുന്നത്.
ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നൂറ്റാണ്ടുകളായി സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട്. ഒരു വ്യക്തി ഇത്തരത്തില്‍ തരംതാഴ്ത്തപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും ഇരയാക്കപ്പെടുന്നതുമൊക്കെ ഭീകരവും വേദനാജനകവുമായ സാമൂഹിക അവസ്ഥയാണ്. അതുകൊണ്ടു തന്നെ, സ്ത്രീകള്‍ അതിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്നതും തുറന്നു പറയുന്നതും കാണുമ്പോള്‍ സന്തോഷമുണ്ട്.
നമ്മുടെ സിനിമകള്‍ ഇത്തരം ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇരുന്നെങ്കില്ലെന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ലോകത്തിലെ നിരവധിയേറെ സമൂഹങ്ങള്‍ പുരുഷാധിപത്യം നിറഞ്ഞതാണ്, ഇന്ത്യയും അതില്‍ പെടും. നമ്മുടെ സിനിമകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയെ കുറിച്ച് സത്യമേവ ജയതേ എന്ന എന്റെ പരിപാടിയില്‍ മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്.
ഖംബെ ജാസി ഖാദി ഹേ എന്ന ഗാനം പോലും അതിനെ കുറിച്ചാണ് ഞാന്‍ പാടിയത്. അക്ഷരാര്‍ത്ഥത്തില്‍, എല്ലായിടത്തും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
നിങ്ങള്‍ക്കറിയാമോ, ഞാന്‍ ചെയ്യുന്നത് വെറും തമാശയല്ലെന്നു മനസ്സിലാക്കാന്‍ പോലും എനിക്കേറെ സമയം എടുക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സമൂഹത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.
ഇപ്പോള്‍ എല്ലാം ഒന്നിച്ച് പുറത്തു വന്നിരിക്കുകയാണ്. ഞാന്‍ ആളുകളോട് സംസാരിക്കുമ്പോള്‍ ഇത്തരം കഥകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ കേട്ടിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. ഈ വ്യക്തികളില്‍ പലരും ഇങ്ങനെയായിരുന്നു എന്നു തിരിച്ചറിയുമ്പോള്‍ എനിക്ക് ഞെട്ടലുണ്ടാകുന്നു. അത്രമേല്‍ പുരുഷാധിപത്യസ്വഭാവമുള്ളവരാണ് ഇവരെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ഈ തുറന്നു പറച്ചിലുകള്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്, എത്രത്തോളം വ്യാപകമായിരുന്നു ചൂഷണങ്ങള്‍ എന്നു മനസ്സിലാക്കുന്നത്. ഞാനും കിരണും തീരുമാനത്തിലെത്തിയ ഒരു കാര്യം, ഒരു വ്യക്തിയെ സംശയിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അയാളുമായി അസോസിയേറ്റ് ചെയ്യാതിരിക്കുക എന്നാണ്. അത്തരം വ്യക്തികളുമായി ഇടപഴകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ആമിര്‍ ഖാന് പറയുന്നു.
ഇത്തരം നിലപാടുകളില്‍ ഉറച്ചു നില്ക്കുമ്പോള് അതിന് അതിന്റേതായ ഭവിഷ്യത്തുകള്‍ ഉണ്ടെന്ന് എനിക്കറിയാം. കിരണിനും ആ ബോധ്യമുണ്ട്, മീടൂവിനെ ചൊല്ലിയുള്ള ഈ പരാമര്‍ശങ്ങള്‍ക്കു പോലും അതിന്റേതായ ഇംപാക്റ്റ് ഉണ്ട്. ഞങ്ങളുടെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്വവും ഞങ്ങള്‍ക്കു തന്നെയാണ്. അതില്‍ ഒരുപാട് കാര്യങ്ങള്‍ വരുന്നുണ്ട്.
നമ്മുടെ പരാമര്‍ശങ്ങള്‍ക്കു ശേഷം, ആ വ്യക്തി തെറ്റുകാരനല്ലെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ എന്തു ചെയ്യുമെന്ന് എനിക്കറിയില്ല. ആ ബാധ്യതയും നമ്മള് സഹിക്കുന്നുണ്ട്, എല്ലാദിവസവും രാത്രി അതിനെ കുറിച്ച് ആലോചിക്കാറുമുണ്ട് ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ആമിറിന്റെ പ്രസ്താവന ശരിവെച്ച് താനും അത്തരം വിഷമഘട്ടങ്ങളിലൂടെയും ദശാസന്ധികളിലൂടെയുമാണ് കടന്നുപോവുന്നതെന്നായിരുന്നു കരണ്‍ ജോഹറിന്റെ പ്രതികരണം. ഈ മൂവ്മെന്റില്‍ വിശ്വസിച്ച് അതിനെ പിന്തുണയ്ക്കുമ്പോള്‍ അത് ഇന്ഡസ്ട്രിയിലെ പലരെയും വേദനിപ്പിക്കുന്നുണ്ടെന്നറിയാം. എന്നാല്‍ മീടൂവില്‍ ഉയരുന്ന ആ ശബ്ദങ്ങള്‍ നമ്മള് കേള്‍ക്കേണ്ടതുണ്ട്. അതൊരു ശാക്തീകരണത്തിന്റെ ശബ്ദമാണ്.
ഒരു പ്രിവിലേജ്ഡ് പൊസിഷനില്‍ നില്ക്കുമ്പോള് നമുക്ക് ഒരു നിലപാട് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആരാണ് നിലപാടുകള്‍ എടുക്കുക അതുകൊണ്ടു തന്നെ നിത്യേന വിഷമഘട്ടത്തിലൂടെയാണ് ഞാനും കടന്നു പോവുന്നത്. ഓരോ ദിവസവും ആരുടെ പേരാണ് ഇന്ന് ഞാന്‍ വായിക്കാന്‍ പോവുന്നത്, അതെങ്ങനെയാണ് അവരുടെ ജീവിതത്തെ ബാധിക്കുക തുടങ്ങിയ ചിന്തകളോടെയും ആശങ്കയോടെയുമാണ് എണീക്കുന്നത്.
ഈ ശുചീകരണം ആവശ്യമുണ്ടെന്ന് മാത്രമേ എനിക്കും പറയാനാവൂ. സമൂഹത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ മീടൂ ഉണ്ടാക്കുന്നുണ്ട്. ആളുകള്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്നു, സ്ത്രീകളെ ചൂഷണം ചെയ്യുന്നു, അതു പരിഹരിക്കപ്പെടേണ്ടതാണെന്ന് വിശ്വാസം.അതാണിപ്പോള്‍ നടക്കുന്നതും, കരണ്‍ ജോഹര്‍ പറയുന്നു.