ന്യൂയോര്‍ക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയില്‍ പ്രിയങ്കയ്ക്കു വേണ്ടി സുഹൃത്തുക്കള്‍ ഇന്നലെ സംഘടിപ്പിച്ച ബ്രൈഡല്‍ ഷവറില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
നിര്‍മ്മാതാവായ മുബിന റാട്ടോണ്സിയും പ്രിയങ്കയുടെ മാനേജര്‍ അന്ജുല ആചാര്യയും ചേര്‍ന്നു സംഘടിപ്പിച്ച ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയില്‍ കെല്ലി റിപ, ലുപിത ന്യോന്ഗോ, കെവിന് ജോനാസ് എന്നിവരും പങ്കെടുത്തു. ബ്രൈഡല്‍ ഷവറിനോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.
ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ നിരവധി ചിത്രങ്ങള്‍ ഫാന്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ, പ്രിയങ്കയും പ്രിയങ്കയുടെ ഹെയര്‍ സ്റ്റൈലിസ്റ്റ് മിമി കട്റെല്ലും ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ നിക്ക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹം ഡിസംബറോടെ ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിവാഹ തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചായിരിക്കും പ്രിയങ്ക-നിക് വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പാരമ്പര്യ രീതിയിലായിരിക്കും വിവാഹമെന്നും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കും ആഘോഷങ്ങളെന്നും സൂചനകളുണ്ട്.
മെറ്റ് ഗാലയില്‍ പ്രിയങ്കയേയും നിക്കിനെയും ഒന്നിച്ചു കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ആ ഗോസിപ്പുകളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് ഇരുവരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സ്റ്റോറികളും ചിത്രങ്ങളുമെല്ലാം. ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരുടെയും എന്‍ഗേജ്മെന്റ് നടന്നത്. അന്നുമുതല്‍ വിവാഹ തീയതിയെ കുറിച്ചുള്ള ഊഹോപോഹങ്ങളുമായി പാപ്പരാസികള്‍ ഇരുവര്‍ക്കും പിന്നാലെയുണ്ട്.
വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയൊരു വീട് നിക്ക് വാങ്ങിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.