പ്രണയം അത് പ്രത്യേകം പറഞ്ഞു തരേണ്ടതില്ല, ഓരോ അണുവിലും ദൈവം ഇരിക്കുന്നു എന്ന് പറയും വിധത്തിലാണ് മനുഷ്യ മനസുകളിലും മറ്റുമുള്ള പ്രണയം. ചില പ്രണയങ്ങളില്‍ ഓര്‍ക്കുവാന്‍ മധുരിക്കുന്ന ഓര്‍മ്മകളായിരിക്കും, പക്ഷേ ചിലതില്‍ മനസ്സിനെ എരിയിക്കുന്ന ഓര്‍മ്മകളും. എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചാലും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അവയെ വീണ്ടും ഓര്‍മ്മപ്പെടുത്തും. അത്തരത്തിലൊരു ഗാനമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
അവളുടെ പ്രണയലേഖനങ്ങള്‍ വീണ്ടും വീണ്ടും വായിച്ച കാലമോര്‍ക്കുന്നുണ്ടോ? അവനോടു കിന്നാരം പറഞ്ഞു നേരം വെളുപ്പിച്ചതോര്മയുണ്ടോ? അങ്ങനെ എത്രയെത്ര ഓര്‍മ്മകളുണ്ടാകും ഓരോ പ്രണയിതാവിന്റെ മനസ്സിലും മങ്ങാതെ മായാതെ ചാരം മൂടിയിട്ടും അണയാതെ ഒരു കനലായി എരിയുന്ന ആ ഓര്മ്മകുടെ കുത്തൊഴുക്കാണ് സുജിത് സുധി എന്ന യുവ സംഗീതാകാരന്റെ ഏറ്റവും പുതിയ ഗാനം. ഹിന്ദിയില്‍ സുജിത് തന്നെ വരികളെഴുതി ഈണം നല്കിയ യാദ് ആയാ എന്ന ഗാനം കോര്‍ത്തിണക്കി വെക്കുന്നത് ഈ ഓര്‍മ്മകളുടെ കല്ലുമാലയാണ്.
ഗദ്ധാമ, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനും പിന്നണി ഗായകനുമായ വീത് രാഗാണ് യുവ ഗായിക നാസിയ സലാമുമൊത്ത് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രണയമൂറും വരികളെ പ്രണയാതുരതയുടെ മായാക്കാഴ്ചകളാക്കി ‘യാദ് ആയാ’ മുന്നോട്ട് കുതിയ്ക്കുകയാണ്. മലയാള മനോരമയുടെ ക്യാമ്പസ് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ഷഫാനും കാര്‍ത്തികയുമാണ് യാദ് ആയായുടെ വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.