കൊച്ചി: താരസംഘടനയായ എഎംഎംഎയ്ക്കെതിരെ വാളെടുത്ത് നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്ത്. സംഘടനയുടെ സ്റ്റേജ് ഷോയ്ക്ക് വേണ്ടി താരങ്ങളെ വിട്ടു കൊടുക്കാനുള്ള തീരുമാനത്തിനെതിരെയാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേജ് ഷോയ്ക്കായി താരങ്ങളെ വിട്ടു കൊടുക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീര്‍ത്തും പറഞ്ഞു. എഎംഎംഎയുടെ ഏകപക്ഷീയമായ നടപടികളോട് യോജിക്കാനാകില്ലെന്നും സംഘടന തുറന്നടിച്ചു.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരസ്യമായി എഎംഎംഎയ്ക്കെതിരെ രംഗത്തെത്തിയത്. നിര്‍മ്മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം എടുത്തു പറഞ്ഞാണ് സെക്രട്ടറി എം രഞ്ജിത് എഎംഎംഎക്ക് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി ഡിസംബര്‍ ഏഴിനാണ് എഎംഎംഎ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് എഎംഎംഎ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു.
ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഷ്സ് അസോസിയേഷനോ അലോചിക്കാതെയാണ് സംഘടനയുടെ തീരുമാനം. ഷോ സംഘടിപ്പിക്കാതെ തന്നെ അഞ്ചു കോടിയുണ്ടാക്കാന്‍ സംഘടനക്ക് കഴിയും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്ക് നിര്‍ദേശം നല്കിയ നടപടി തെറ്റാണെന്നും അസോസിയേഷന് ആരോപിച്ചു.