തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പേരിലുള്ള വ്യാജപ്രചരണം പുതിയതല്ല. പക്ഷേ താരത്തിനെ ഇടതു പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ പ്രചരണം ശക്തമാകുന്നത്. നടന് ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസനാണ് ഇര. പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
‘അച്ഛന് എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ അച്ഛന് പറഞ്ഞു നീ കമ്മ്യൂണിസ്റ്റാകരുത്. അത് അച്ഛന് പറ്റിയ വലിയ തെറ്റായിരുന്നു’ ഇത്തരത്തിലായിരുന്നു പ്രചരിച്ചു വന്നിരുന്നത്. വിനീതിന്റെ ചിത്രം ഉള്‍പ്പടെ വെച്ചായിരുന്നു പ്രചരണം. അതോടൊപ്പം തന്നെ ശ്രീനിവാസിന്റെ ചിത്രം വച്ചും പ്രചരണമുണ്ട്. ‘കമ്മ്യൂണിസം ഇന്ന് ജനങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി കുരുങ്ങുന്നു, നേതാക്കള്‍ അത് ആഹാരമാക്കുന്നു”. എന്നായിരുന്നു ശ്രീനിവാസിന്റെ ചിത്രത്തിലെ വാചകങ്ങള്‍.
ഇതിനെതിരെയാണ് വിനീത് പ്രതികരണവുമായി എത്തിയത്. രണ്ട് പ്രചാരണങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വിനീതിന്റെ കുറിപ്പ്. ”100 ശതമാനം അസത്യമായ വാര്‍ത്തയാണ് ഞങ്ങളുടെ പേരില്‍ പ്രചരിക്കുന്നത്. നേരത്തെയും സമാനമായ വാര്‍ത്ത സോഷ്യല്‍മീഡിയ വഴി ചിലര്‍ ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് നിരവധി പേരാണ് എനിക്ക് മെസ്സേജ് അയക്കുന്നത്. ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. വ്യാജ പ്രചരണത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അച്ഛന് എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.”- വിനീത് പറയുന്നു.