ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആരാധകരാക്കിയ ഹോളിവുഡ് സിരീസാണ് ‘കോണ്‍ജറിംഗ്’. എക്കാലത്തെയും ഈ ഹിറ്റ് ഹൊറര്‍ ചിത്രത്തിനു ശേഷം ആരാധകര്‍ക്കായി വീണ്ടുമൊരു സിനിമ ഒരുക്കുകയാണ് ‘കോണ്‍ജറിംഗ്’ നിര്‍മ്മാതാക്കള്‍. ‘ദി കഴ്സ് ഓഫ് ലാ ലൊറോണ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.
മൈക്കല്‍ ഷാവേസ് ആണ് ‘ലാ ലൊറോണ’യുടെ സംവിധായകന്. ‘കോണ്‍ജറിംഗ് 3’ ഒരുക്കുന്നതും ഇദ്ദേഹം ആണെങ്കിലും പുതിയ ചിത്രം കോണ്‍ജറിംഗ് യൂണിവേഴ്സിന്റെ ഭാഗമല്ല. 1973ലെ ലോസ് ഏഞ്ചലസിലാണ് ‘ലൊറോണ’യുടെ കഥ നടക്കുന്നത്. ലിന്‍ഡ കാര്ഡെലിനി അവതരിപ്പിക്കുന്ന വിധവയായ സാമൂഹികപ്രവര്‍ത്തകയാണ് പ്രധാന കഥാപാത്രം. രണ്ട് കുട്ടികളുമുണ്ട് അവര്‍ക്ക്.
അന്വേഷണം നടത്തുന്ന ഒരു കേസിന് സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന ചില അമാനുഷിക ഇടപെടലുമായുള്ള സാമ്യം തിരിച്ചറിയുകയാണ് അവര്‍. ആ ഇടപെടലാണ് ‘ലാ ലൊറോണ’. മെക്സിക്കന്‍ നാടോടിക്കഥകളിലുള്ള ‘ലൊറോണ’ കുട്ടികളെ നഷ്ടപ്പെട്ട സ്ത്രീയുടെ ആത്മാവാണ്. അടുത്തുള്ളവര്‍ക്കൊക്കെ ദൗര്‍ഭാഗ്യം വിതയ്ക്കും ആ സാന്നിധ്യം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.