താരസംഘടനയായ എഎംഎംഎ യില്‍ നിന്നും രാജി വെച്ച നടിമാര്‍ സ്വയം മാപ്പ് പറയാന്‍ തയ്യാറായാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കാമെന്ന് കഴിഞ്ഞ ദിവസം സിദ്ധിഖും, കെപിഎസി ലളിതയും പത്രസമ്മേളനത്തില്‍ നല്കിയ നിര്‍ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റിമ കല്ലിങ്കല്‍. ദ ന്യൂസ് മിനുട്ടില്‍ നല്കിയ അഭിമുഖത്തിലാണ് റിമ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘അടൂര്‍ ഭാസിയില്‍ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് ലളിതാമ്മ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് സിനിമയില്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് സ്ത്രീകള്‍ക്ക് എപ്പോഴും തുറന്നുപറയാന്‍ കഴിയാത്തതെന്ന് അവര്‍ക്ക് മനസ്സിലാവേണ്ടതാണ്. വര്‍ഷങ്ങളോളം സ്ത്രീകള്‍ നിശബ്ദരായിരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ അവര്‍ക്ക് മനസ്സാലാകും. മറ്റൊരു വഴിയില്ലാത്തതിനാല്‍ അവിടെ തുടരുന്ന അവരോട് സഹതാപം മാത്രമേയുള്ളൂ. തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് പറയണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അമ്മയെന്ന സംഘടനയോട് പോയി തുലയൂ എന്നേ പറയാനുള്ളൂ’ റിമ പറഞ്ഞു.
ലൈംഗികാതിക്രമ കേസില്‍ പ്രതിസ്ഥാനത്തുള്ളയാളെ സംരക്ഷിക്കുന്ന സംഘടനയില്‍ തുടരാന്‍ തനിക്ക് താല്പര്യമില്ല. എന്താണ് അമ്മ വനിതാ അംഗങ്ങള്‍ക്കായി ചെയ്യുന്നത്? എല്ലാ വര്‍ഷവും അമ്മ ഷോയില്‍ പുരുഷന്മാരെ പുകഴ്ത്തി പരിപാടി ചെയ്യുന്നു. അഞ്ച് ഗാനങ്ങളില്‍ പുരുഷ താരം അഞ്ച് നടിമാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു. ഇന്നലെകളിലെ കഴിവുറ്റ കലാകാരികള്‍ എവിടെ? അവര്‍ക്കൊപ്പം അഭിനിയക്കാന്‍ ആരുണ്ട്? അവര്‍ അപ്രത്യക്ഷരായിരിക്കുന്നുവെന്നും റിമ വ്യക്തമാക്കി.
‘പ്രായമായ, രോഗികളായ അഭിനേതാക്കളെ അമ്മ സഹായിക്കുന്നുവെന്നത് നല്ല കാര്യമാണ്. പക്ഷേ ഇപ്പോള്‍ ഫീല്‍ഡിലുള്ള അഭിനേതാക്കളെ സംരക്ഷിക്കുന്നുണ്ടോ? എനിക്ക് വയസ്സായിട്ടല്ല, ഇപ്പോഴാണ് സുരക്ഷിതത്വം വേണ്ടത്. ഇപ്പോള്‍ എനിക്ക് ജോലി ചെയ്യാനായാല്‍ എന്റെ ഭാവിയും സുരക്ഷിതമായിരിക്കുമെന്നും’ റിമ പറഞ്ഞു.