തിരുവനന്തപുരം: പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകന് പ്രിയദര്ശന്.
‘പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹന്‍ലാലിനെ സംസ്ഥാന പുരസ്കാര വിതരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.’-എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.
‘ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണു ചെയ്യുക.’- പ്രിയദര്ശന് പറയുന്നു.
ഇപ്പോഴത്തെ ചെയര്മാന് കമലിനും മന്ത്രി എ കെ ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവര്‍ തീരുമാനിക്കട്ടെ. അതിനു മുന്‍പു മോഹന്‍ലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണെന്നും പ്രിയദര്ശന് പറഞ്ഞു.