തനിക്ക് സിനിമയില്‍ വിലക്കുകള്‍ ഉണ്ടായിരുന്ന സമയത്തും താനും മണിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സംവിധായകന് വിനയന്. കലാഭവന്‍ മണി മദ്യപാനത്തിനടിമയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. സിനിമാ മേഖലയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇത് പറഞ്ഞ് പരത്തിയതെന്നും വിനയന് പറഞ്ഞു.
ഈ പ്രചാരണങ്ങള്‍ നടക്കുന്ന സമയത്ത് താന്‍ മണിയെ വിളിച്ച് സംസാരിച്ചിരുന്നു. കൊട്ടിയിലേക്ക് താമസം മാറാന്‍ താന്‍ മണിയോട് ആവശ്യപ്പെട്ടു. പക്ഷെ മണി അതിന് താല്പര്യപ്പെട്ടില്ല. താന്‍ കൊച്ചിയിലേക്ക് വന്നാല്‍ തനിക്ക് സ്കോച്ചും ഫൈവ്സ്റ്റാര്‍ സൗകര്യവും ഒരുക്കിത്തരാന്‍ ആളുകളുണ്ടാവും പക്ഷെ സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണിക്കുന്ന രീതി എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.
‘ഞാന്‍ ചാലക്കുടിയില്‍ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവര്‍ക്ക് ഞാനൊരു 500 രൂപ കൊടുത്താല്‍ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍..’ എന്നായിരുന്നു മറുപടി. എങ്കിലും തന്റെ വാക്കുകള്‍ കേട്ട് കലാഭവന്‍ മണി കൊച്ചിയിലേക്ക് താമസം മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും വിനയന് പറഞ്ഞു.
സിനിമയില്‍ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താല്പര്യം കാട്ടി മണി മാറാന്‍ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യില്‍ കാണിച്ചിട്ടുണ്ട്.
ഈ അവസരത്തില്‍ ഒരു കഥാപാത്രം മണിയുടെ കഥാപാത്രത്തോട് ചാലക്കുടിയില്‍ നിന്നും മാറി കൊച്ചിയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നുണ്ട്.
‘ആലോചിക്കാം സര്..’ എന്നുള്ള മറുപടിയിലൂടെ ആ രംഗം അവിടെ അവസാനിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതേ സന്ദര്‍ഭത്തില്‍ മണി പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു. അത് ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു വിനയന്.