നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായതോടെ വിവാദങ്ങള്‍ കൊണ്ടും ഗോസിപ്പുകള്കളും സിനിമാ മേഖല നിറഞ്ഞിരിന്നു. അത്തരത്തില്‍ പഴി കേള്‍ക്കേണ്ടി വന്ന താരമാണ് നടി കെപിഎസി ലളിത. ദിലീപ് അറസ്റ്റിലായതിനു ശേഷം താരത്തെ ലളിത ജയിലില്‍ പോയി സന്ദര്‍ശിച്ചിരുന്നു. ഇതാണ് കെപിഎസി ലളിതയെ ചോദ്യത്തിന് ഇടായാക്കിയത്. സംഗീത നാടക അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിതയിപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം നിലപാട് തുറന്നടിച്ചത്. ‘ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്’- ലളിത പറയുന്നു.
മലയാള സിനിമയില്‍ കാലാകാലങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറഞ്ഞു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയ്ക്കെതിരെ കെപിഎസി ലളിത ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന് ഉമ്മര്‍ തന്നെ ശകാരിച്ചുവെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു.