കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചൊവ്വാഴ്ച റിലീസ് ചെയ്ത ടീസര്‍, 24 മണിക്കൂറിനകത്ത് 10 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്.
ടീസറിലെ കങ്കണയുടെ ദൃശ്യങ്ങള്‍ പലതും ആകാംക്ഷ ജനിപ്പിക്കുന്നവയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ടീസര്‍ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ, ടീസറിലെ കങ്കണയുടെ മുഖഭാവം ഒറ്റ ദിവസം കൊണ്ട് സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ട ട്രോള്‍ മെമായും മാറിയിരിക്കുകയാണ്.
മുഖത്തും പല്ലിലുമെല്ലാം ചോരപ്പാടുകളുമായി നില്ക്കുന്ന കങ്കണയുടെ മുഖഭാവത്തിന്റെ മെം ആണ് ട്രോളന്മാര് ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുന്നത്. റൂട്ട് കനാല്‍ സര്ജറിയ്ക്കിടെയുള്ള ഒരു ദൃശ്യം എന്ന രീതിയിലുള്ള തമാശകളും ട്രോളുകളും നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. നിക്കോളാസ് കേജ്, ഷാരൂഖ് ഖാന് എന്നിവരുമായി കങ്കണയെ താരതമ്യപ്പെടുത്തുന്ന ട്രോളുകളും സുലഭമാണ്.
സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രമാണ് മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി. ക്രിഷ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, സീഷന്‍ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
ബാഹുബലിയുടെയും ഭാഗ് മില്‍ഖാ ഭാഗിന്റെയും രചയിതാക്കളാണ് മണികര്‍ണയുടെ തിരക്കഥ ഒരുക്കുന്നത്. 2019 ജനുവരി അവസാനത്തോട് കൂടി ചിത്രം തിയേറ്ററുകളിലെത്തും. സീ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.