‘സാധാരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു’ വിജയ് ഇതു പറഞ്ഞതും ആരാധകര്‍ വന്‍കരഘോഷം മുഴക്കി. ഇതിനുപിന്നാലെ താന്‍ പറഞ്ഞത് സിനിമയെക്കുറിച്ച് മാത്രമാണെന്ന് വിജയ് വ്യക്തമാക്കി. 62ാമത്തെ സിനിമയായ സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചിനിടെ ദളപതി വിജയി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സംവിധായകന് എ.ആര്.മുരുകദോസ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണിത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. ആയിരക്കണക്കിന് ആരാധകര്‍ ഒത്തു ചേര്‍ന്ന വന്‍ പരിപാടിയിലാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കവേയാണ് വിജയിയുടെ പ്രതികരണം.
എ.ആര്.റഹ്മാനാണ് സര്‍ക്കാര്‍ സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റഹ്മാന് ഈ സിനിമയില്‍ പങ്കാളിയായതോടെ സര്‍ക്കാരിന് ഓസ്കര് ലഭിച്ച പോലെയാണെന്ന് വിജയ് പറഞ്ഞു. ഈ സിനിമയില്‍ മുഖ്യമന്ത്രി ആയിട്ടാണ് വിജയ് അഭിനയിക്കുന്നതെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഇതിനെക്കുറിച്ച് അവതാരകന് പ്രസന്ന ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ആയിട്ടല്ല താന്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതെന്നായിരുന്നു വിജയ്യുടെ മറുപടി. ഇതിനു പിന്നാലെയാണ് തമിഴകം മുഴുവന്‍ ഉത്തരം കിട്ടാന്‍ കാത്തിരുന്ന ചോദ്യം പ്രസന്ന ചോദിച്ചത്. ജീവിതത്തില്‍ ശരിക്കും മുഖ്യമന്ത്രി ആയാലോ? ഇതിനു ‘മുഖ്യമന്ത്രി ആയാല്‍ അഭിനയിക്കില്ല’ എന്നായിരുന്നു വിജയിയുടെ മാസ് മറുപടി. മുഖ്യമന്ത്രി ആയാല്‍ മാറ്റണം എന്നു വിചാരിക്കുന്ന വിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍ അഴിമതി എന്നായിരുന്നു വിജയ് പറഞ്ഞത്. അത് മാറ്റുക എളുപ്പമല്ലെന്നും വൈറസ് പോലെ അത് പടര്ന്നുപോയിരിക്കുന്നുവെന്നും പക്ഷേ അത് മാറ്റിയേ തീരൂവെന്നും വിജയ് പറഞ്ഞു.