ആദിവാസി സമൂഹത്തിലെ ട്രാന്‍സ്ജെന്‍ഡറിന്റെ കഥപറയുന്ന ചിത്രമാണ് ഉടലാഴം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിനു പിന്നാലെ ചിത്രത്തിനെ താറടിക്കുന്ന കമന്റ് നല്കിയ വ്യക്തിയ്ക്ക് താക്കീത് നല്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ സജീഷ്. കൂട്ടം കൂടിയിരുന്ന് തലയില്‍ പേന്‍ നോക്കിയും സൊറ പറയുന്നതുമാണ് പോസ്റിലുള്ളത്. ഇതിനു താഴെ ചിത്രത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് യുവാവ് കമന്റ് നല്‍കിയത്.
തലയില്‍ പേന്‍ നോക്കുക എന്നത് അത്ര ഹീനമായ പ്രവൃത്തിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒരാള്‍ മറ്റൊരാളുടെ തലയില്‍ തൊടുന്നതു പോലും സ്നേഹാര്‍ദ്രമായ കാഴ്ചയാണെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നിലപാട് തുറന്നടിച്ചത്. നമ്മുടെയൊക്കെ വീട്ടില്‍ പണ്ടൊക്കെ കാണുമായിരുന്നു, കുട്ടികളുടെ തലയില്‍ പേന്‍ നോക്കുന്ന അമ്മമാരുടെ ദൃശ്യം എത്ര ഹൃദയഹാരിയാണ്. മൃഗങ്ങള്‍ മുതല്‍ ആദിമ മനുഷ്യനിലൂടെ ആധുനികരോളം നീണ്ടു കിടക്കുന്ന ഈ സ്നേഹപ്രകടനം ‘ഉടലാഴ’ത്തിന്റെ മനോഹരമായ ഒരു ഫ്രെയിമില്‍ കഥയ്ക്ക് വേണ്ടി സ്വാഭാവികമായി പകര്‍ത്തിയപ്പോള്‍ അത് താങ്കളെ അത്രമേല്‍ പ്രകോപിപ്പിക്കുമെന്ന് കരുതിയില്ലെന്നും സജീഷ് കുറിച്ചു.
ഇത് ഒരു വ്യാവസായിക സിനിമയല്ല. കച്ചവട മോഹങ്ങളൊന്നുമില്ലാതെ ലക്ഷങ്ങള്‍ ചിലവിട്ട് ഞങ്ങള്‍ ഈ ചിത്രം നിര്‍മ്മിച്ചതിന് പിന്നില്‍ ആദിവാസികളെ അവഹേളിക്കുക എന്ന ലക്ഷ്യമല്ല, മറിച്ച് അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണുള്ളത്. അസാമാന്യ പ്രതിഭയുള്ള ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ കൂടിയാണീ ചിത്രമെന്നും സജീഷ് ഓര്‍മിപ്പിച്ചു.
എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ മാന്യമായ ഭാഷ ഉപയോഗിച്ചു കൂടെയെന്നും, മാന്യത എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്, ആ സംസ്കാരം നമുക്ക് പൈതൃകമായി ലഭിക്കേണ്ടതുമാണെന്നും അദ്ദേഹം തുറന്നടിച്ചു. വെറുതെ ആളാവാന്‍ എന്ത് തെമ്മാടിത്തരവും വിളിച്ച് പറയാമെന്ന് വിചാരിക്കാമോ? എന്ന് ചോദിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തലയില്‍ പേന്‍ നോക്കുക എന്നത് അത്ര ഹീനമായ പ്രവൃത്തിയാണോ? ഒരാള്‍ മറ്റൊരാളുടെ തലയില്‍ തൊടുന്നതു പോലും സ്നേഹാര്‍ദ്രമായ കാഴ്ചയാണ്. നമ്മുടെയൊക്കെ വീട്ടില്‍ പണ്ടൊക്കെ കാണുമായിരുന്ന; കുട്ടികളുടെ തലയില്‍ പേന്‍ നോക്കുന്ന അമ്മമാരുടെ ദൃശ്യം എത്ര ഹൃദയഹാരിയാണ്. മൃഗങ്ങള്‍ മുതല്‍ ആദിമ മനുഷ്യനിലൂടെ ആധുനികരോളം നീണ്ടു കിടക്കുന്ന ഈ സ്നേഹപ്രകടനം ‘ഉടലാഴ’ത്തിന്റെ മനോഹരമായ ഒരു ഫ്രെയിമില്‍ കഥയ്ക്ക് വേണ്ടി സ്വാഭാവികമായി പകര്‍ത്തിയപ്പോള്‍ അത് താങ്കളെ അത്രമേല്‍ പ്രകോപിപ്പിക്കുമെന്ന് കരുതിയില്ല. പ്രിയ സുഹൃത്തേ- ഇത് ഒരു വ്യാവസായിക സിനിമയല്ല. കച്ചവട മോഹങ്ങളൊന്നുമില്ലാതെ ലക്ഷങ്ങള്‍ ചിലവിട്ട് ഞങ്ങള്‍ ഈ ചിത്രം നിര്‍മ്മിച്ചതിന് പിന്നില്‍ ആദിവാസികളെ അവഹേളിക്കുക എന്ന ലക്ഷ്യമല്ല, മറിച്ച് അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണുള്ളത്. അസാമാന്യ പ്രതിഭയുള്ള ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മ കൂടിയാണീ ചിത്രം.
വെറുതെ വഴിയിലൂടെ കടന്നു പോകുമ്പോള്‍ ഇരിക്കട്ടെ എന്റെ കോണകം കൂടി എന്ന മട്ടിലുള്ള കമന്റുകള്‍ ഇടുമ്പോള്‍ സൂക്ഷിക്കുന്നത് നന്ന്. നിരവധി പേരുടെ മൂന്നു നാലു വര്‍ഷത്തെ കഠിനാധ്വാനമാണ് ഇത്തരമൊരു സിനിമ. നിങ്ങള്‍ ആരെയാണ് തെണ്ടി എന്ന് വിളിച്ചത്? സംവിധായകന് ഉണ്ണിയെയോ? കാമറമാന്‍ മുഹമ്മദിനെയോ? ഡിസൈന്‍ ചെയ്ത ഓള്‍ഡ് മൊങ്കിലെ സെബി യെയോ? അതോ അഭിനേതാവ് മണി യയോ? മാത്രമല്ല എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ മാന്യമായ ഭാഷ ഉപയോഗിച്ചു കൂടെ? മാന്യത എന്നത് സംസ്കാരത്തിന്റെ ഭാഗമാണല്ലോ? സംസ്കാരം നമുക്ക് പൈതൃകമായി ലഭിക്കേണ്ടതുമാണ്. വെറുതെ ആളാവാന്‍ എന്ത് തെമ്മാടിത്തരവും വിളിച്ച് പറയാമെന്ന് വിചാരിക്കാമോ?