1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലഘട്ടത്തില്‍, ഇടമുറിയാത്ത സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദമായി മാറിയ ലതാ മങ്കേഷ്കറിന് ഇന്ന് 85 വയസ്സ് തികയുന്നു
1942ല്‍ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ലതാ മങ്കേഷ്കറിന് പ്രായം 13. ഒരു മറാത്തി ചിത്രത്തിന് വേണ്ടി ആലപിച്ച ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അവസാനം പാടിയ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 2015ലാണ്, ഒരു ഇന്തോ-പാക് ചിത്രത്തിന് വേണ്ടിയായിരുന്നു അത്.
അതിനു ശേഷം എത്രയോ ചലച്ചിത്രകാരന്മാര് ശ്രമിച്ചിട്ടും, ലതാ മങ്കേഷ്കറിന്റെ അമ്പലം എന്ന് സംഗീത സംവിധായകന് നൗഷാദ് വിശേഷിപ്പിച്ച റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് അവര്‍ കയറിയില്ല. 1942 മുതല്‍ 2015 വരെയുള്ള 73 വര്‍ഷ കാലഘട്ടത്തില്‍, ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദമായി മാറിയ ലതാ മങ്കേഷ്കറിന് ഇന്ന് 85 വയസ്സ് തികയുന്നു.
ആ കാലഘട്ടത്തില്‍, ഒരുപക്ഷേ അതു കഴിഞ്ഞും, തന്റെ ശബ്ദസൗകുമാര്യം കൊണ്ടും, ആലാപന മികവു കൊണ്ടും ബോളിവുഡിന്റെ സംഗീത റാണിയായി അവര്‍ പരിലസിച്ചു. സഹോദരി ആശാ ഭോസ്ലെയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ഇടം നല്കാനാവാത്ത വിധത്തില്‍ മങ്കേഷ്കര്‍ സഹോദരിമാര്‍ അവിടെ അരങ്ങു വാണു.
സംഗീത കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്, തന്റെ പുത്രിമാരെ സംഗീതസാന്ദ്രമായ ഒരന്തരീക്ഷത്തില്‍ വളര്‍ത്തി, തന്റെ സംഗീത സപര്യ തുടരാന്‍ പ്രേരിപ്പിച്ചു.
ഇരുവര്‍ക്കും ശാസ്ത്രീയ സംഗീതത്തില്‍ ശിക്ഷണം നല്കി. പുരിയ ധനശ്രീ എന്ന രാഗം അതിന്റെ മുഴുവന്‍ സാധ്യതകളോടെയും മികാവോടെയും പാടാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ലതാ മങ്കേഷ്കറിന് സാധിച്ചിരുന്നുവത്രേ. അച്ഛന് തന്നെയാണ് മകളുടെ കഴിവുകള്‍ കണ്ടെത്തിയതും.