ആരാധകരെയും ഞെട്ടിച്ച് ആരാധകന്റെ മകളുടെ വിവഹത്തിനെത്തിയ ഇളയദളപതി വിജയിയുടെ മാസ് എന്‍ട്രി ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഭാര്യ സംഗീതയ്ക്കൊപ്പമാണ് താരം വിവാഹ ചടങ്ങിനെത്തിയത്. വിജയ്യുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബ സമേതം താരം എത്തിയത്.
തങ്ങളുടെ പ്രിയതാരം എത്തിയതോടെ ആരാധകര്‍ ആവേശത്തില്‍ ഇളകി മറിഞ്ഞു. പോണ്ടിച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ വിജയ് എത്തുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഒടുവില്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താരം എത്തുകയായിരുന്നു. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന വിജയ് തിരക്കൊഴിവാക്കാന്‍ പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു.