ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു വന്ന ചിത്രമാണ് ടോവിനോ തോമസ് നായകനായ തീവണ്ടി. തീവണ്ടി വൈകിയെത്തിയെങ്കിലും കൂകി കുതിച്ച് പായുകയാണ് ഇപ്പോള്‍.
മലയാള സിനിമയില്‍ ഒരു നവാഗത സംവിധായകന് കൂടി അരങ്ങേറിയിരിക്കുകയാണ് തീവണ്ടിയിലൂടെ. നവാഗതനായ ഫെലിനി ടിപിയാണ് ഈ ചിത്രമൊരുക്കിയത്. മൂന്ന് വര്‍ഷത്തെ ശ്രമഫലമായാണ് ഈ സംവിധായകന് കന്നിച്ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രളയക്കെടുതിയെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. വൈകിയെത്തിയ വണ്ടി എന്നതൊഴിച്ചാല്‍ മറ്റൊരു പ്രശ്നവും ഈ തീവണ്ടിക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിച്ചത്. ചിത്രത്തിന്റെ വന്‍ വിജയത്തില്‍ അണിയറ പ്രവര്‍ത്തകരും അമ്പരപ്പിലാണ്.
ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയ്യേറ്ററുകളില്‍ ആളെ നിറച്ച ചിത്രം നേടിയത് തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്സ് ഓഫീസ് കണക്ക് വെളിപ്പെടുത്താനില്ലെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന് പറഞ്ഞു.
ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശന് പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്ലബ് ചിത്രം ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. ഈ റെക്കോര്‍ഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശന് പരോക്ഷമായി സൂചിപ്പിക്കുന്നത്.