സഞ്ജുവിന് വേണ്ടി കുറച്ചധികം സീനുകള്‍ ഷൂട്ട് ചെയ്തിരുന്നുവെന്ന് രാജ്കുമാര് ഹിറാനി. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമയില്‍ സഞ്ജയ് ദത്തിനോട് സഹതാപം സൃഷ്ട്ടിക്കാന്‍ വേണ്ടി കഥയില്‍ മാറ്റം വരുത്തേണ്ടി വന്നുവെന്നും ഹിറാനി പറഞ്ഞു. സിനിമയുടെ പരീക്ഷണ പ്രദര്‍ശനങ്ങളില്‍ നിരവധി പേര്‍ക്ക് സഞ്ജയ് ദത്തിനോട് ദേഷ്യം തോന്നിയെന്നും അത് ഒഴിവാക്കാന്‍ വേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും തുറന്ന് സമ്മതിച്ചിരിക്കുകയാണ് രാജ്കുമാര് ഹിറാനി.
സിനിമയുടെ ആദ്യ എഡിറ്റില്‍ സഞ്ജയ് ദത്തിന്റെ ജീവിതം അത് പോലെ തന്നെയായിരുന്നു കാണിച്ചതെന്ന് ഹിറാനി പറയുന്നു. പരീക്ഷണ പ്രദര്‍ശനമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചെതെന്നും രാജ്കുമാര് ഹിറാനി പറയുന്നു.
‘സിനിമയുടെ ഷൂട്ടിനിടയില്‍ ഞാന്‍ ശെരിയായ രീതിയിലല്ലേ പോകുന്നെതെന്ന് തോന്നിയിരുന്നു. എല്ലാം കഴിഞ്ഞു എഡിറ്റ് ചെയ്ത സിനിമയുടെ ആദ്യ പ്രദര്‍ശനം ഞങ്ങള്‍ വെച്ചു. സിനിമ കണ്ട എല്ലാവരും സഞ്ജയ് ദത്തിനെ വെറുത്തു, ഞങ്ങള്‍ക്ക് ഇയാളെ ഇഷ്ടമല്ലായെന്ന് അവര്‍ പറഞ്ഞു, ഈ മനുഷ്യനെ കാണണ്ട എന്ന് വരെ അവര്‍ പറഞ്ഞു കളഞ്ഞു’ ഹിറാനി പറയുന്നു.
‘എനിക്ക് സത്യസന്ധമായ ഒരു കഥ പറയണമായിരുന്നു, സഞ്ജയ് ദത്തിന് മേല്‍ ഒരു സഹതാപവും എഴുതി ചേര്‍ത്തില്ല. ഞാന്‍ പറഞ്ഞു, യഥാര്‍ത്ഥ സഞ്ജയ് ദത്ത് എങ്ങനെയാണോ അങ്ങനെ നമുക്ക് സിനിമയെടുക്കാം. സഹതാപമൊന്നും വേണ്ടായെന്ന് ഉറപ്പിച്ചു, പക്ഷെ പിന്നീട് സഞ്ജയ് എന്റെ നായകാനാണെന്ന് മനസ്സിലായപ്പോള്‍ കുറച്ച് സഹതാപം സൃഷ്ടിക്കാം എന്ന് തീരുമാനിച്ചു’ ഹിറാനി കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് ദത്തിനെ സഞ്ജുവിലൂടെ വെള്ള പൂശി എന്നാരോപണത്തെ രാജ്കുമാര് ഹിറാനി നിഷേധിച്ചു. അനുരാഗ് കശ്യപിനെ പോലുള്ള ഒരു സംവിധായകന് വേണമെങ്കില്‍ ഇനിയും സഞ്ജയ്ദത്തിന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ മാത്രം എടുത്ത് സിനിമയാക്കാം എന്നും ഹിറാനി പറയുന്നു.