അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്മാന് ഖാന് ചിത്രം ഭാരതില്‍ നിന്നുമുള്ള പ്രിയങ്ക ചൊപ്രയുടെ അപ്രതീക്ഷിത പിന്മാറ്റം ബോളിവുഡില്‍ ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു.
നടിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തെ വിമര്‍ശിച്ച് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് നിഖില്‍ നമിത് രംഗത്തെത്തുകയും മുന്നറിയിപ്പുകളൊന്നുമില്ലാതെ ഭാരതില്‍ നിന്ന് പിന്മാറിയത് പ്രൊഫഷണല്‍ സമീപനമല്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഹോളിവുഡിലെ പ്രശസ്ത ഗായകനായ നിക് ജൊനാസുമായുള്ള വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തില്‍ നിന്നുമുള്ള പ്രിയങ്കയുടെ പിന്മാറ്റം. പ്രിയങ്ക പിന്മാറിയതോടെ, നിര്‍മാതാക്കള്‍ കത്രീന കൈഫിനെ ചിത്രത്തിലെ നായികയായി തീരുമാനിച്ചു.
എന്നാല്‍, ഭാരതിന്റെ ഭാഗമാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പ്രിയങ്ക തന്നെയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. സല്മാന് ഖാന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് 12 ന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഏറെ വിഷമത്തോടെയാവും ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന തീരുമാനം പ്രിയങ്ക എടുത്തിട്ടുണ്ടാവുക. കാരണം, ഈ പ്രൊജക്റ്റില്‍ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താല്പ്പര്യമായിരുന്നു. എനിക്കൊപ്പം ഭാരതില്‍ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞ് ആയിരം തവണയെങ്കിലും പ്രിയങ്ക എന്റെ സഹോദരി അര്‍പ്പിതയെ വിളിച്ചു കാണും. ഈ ചിത്രത്തില്‍ തനിക്ക് അവസരമുണ്ടാകുമോ? എന്നു ചോദിച്ച് സംവിധായകന് അലിയേയും പ്രിയങ്ക വിളിച്ചിരുന്നു, സല്മാന് ഖാന് പറയുന്നു.
കത്രീനയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിര്‍മാതാക്കളില്‍ ഒരാളായ അതുല്‍ അഗ്നിഹോത്രിയുടെ ഫസ്റ്റ് ചോയിസ് കത്രീനയായിരുന്നു. അപ്പോഴാണ് പ്രിയങ്ക സംവിധായകന് അലിയെ വിളിച്ച് ഭാരതില്‍ അഭിനയിക്കണം? എന്ന ആഗ്രഹം അറിയിക്കുന്നത്. അതുകൊണ്ടാണ് പ്രിയങ്കയെ പരിഗണിച്ചത്. ഷൂട്ടിംഗിന്റെ അഞ്ചു ദിവസം മുന്‍പെങ്കിലും ചിത്രത്തില്‍ നിന്നും പിന്മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നു, സല്മാന് കൂട്ടിച്ചേര്‍ത്തു.
2016 ല്‍ പ്രകാശ് ജായുടെ ജയ് ഗംഗാജല്‍ ആയിരുന്നു പ്രിയങ്കയുടെ അവസാന ഹിന്ദിചിത്രം. ഭാരതിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരാം എന്നായിരുന്നു, കുറേക്കാലമായി ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന നടിയുടെ കണക്കുക്കൂട്ടല്‍.
അതിനിടയിലാണ്, വിവാഹനിശ്ചയത്തിന്റെ തിരക്കുകളും മറ്റുമായി താരം ഭാരതില്‍ നിന്നും പിന്മാറുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്കയും സല്മാന് ഖാനും ഒന്നിക്കുന്ന ചിത്രമെന്ന രീതിയില്‍ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്ന ചിത്രമാണ് ഭാരത്.
ഷോണാലി ബോസിന്റെ ദ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അടുത്ത ഹിന്ദി ചിത്രം. രോഗാവസ്ഥകളോട് പൊരുതി മോട്ടിവേഷണല്‍ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ദ സ്കൈ ഈസ് പിങ്ക്. ചിത്രത്തില്‍ ഐഷ ചൗധരിയുടെ അമ്മ വേഷമാണ് പ്രിയങ്കയ്ക്ക്. ഫര്ഹാന് അക്തറും സൈറ വാസിമുമാണ് സഹതാരങ്ങള്‍.