കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ താരപരിവേഷങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാര്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്ന് ദുരിത ബാധിതര്‍ക്ക് ഒപ്പം നിന്ന് ജീവിച്ച ടൊവീനോ ഇന്ന് മലയാളികളുടെ ഇഷ്ടതാരമാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായും, കരുത്തായും ഒരു ജോലിക്കാരനെ പോലെ ഓടി നടന്ന് പ്രവര്‍ത്തിച്ച താരത്തിന് വന്‍ പിന്തുണയും ആരാധകരെയും മാത്രമല്ല, സുഹൃത്തിനെ പോലെ നെഞ്ചിലേറ്റുകയുമായിരുന്നു. എന്നാല്‍ ഈ കാണിക്കുന്നതെല്ലാം ഷോ ആണെന്നും, ഇതുകൊണ്ട് നിങ്ങളുടെ പടം കാണില്ലെന്ന പ്രചരണങ്ങളും നിറഞ്ഞിരുന്നു. എന്നാല്‍ അതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് താരത്തിന്റെയും ആരാധകന്റെയും സംഭാഷണങ്ങള്‍. ‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം )നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും’ ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന ആരാധകന്റെ കമന്റ്.
ഈ കമന്റിന് ടൊവിനോ നല്കിയ മറുപടി ഇങ്ങനെ: ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ’. ഈ മറുപടിയെ പ്രശംസിച്ചും ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. ടൊവീനോയുടെ തീവണ്ടി എന്ന ചിത്രത്തിലെ പുതിയ ഗാനവും വൈറലാവുകയാണ്. ‘ഒരു തീപ്പെട്ടിക്കു വേണ്ട’ എന്ന ഗാനമാണ് എത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്കു കൈലാസ് മേനോനാണ് സംഗീതം. പാട്ട് യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിക്കഴിഞ്ഞു. പുകവലി നിര്‍ത്താനുള്ള ഒരാളുടെ പരിശ്രമവും അയാള്‍ നേരിടുന്ന പ്രശ്നങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. അന്തോണി ദാസന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ തീവണ്ടിയിലെ ‘ജീവാംശമായ്’ എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.