ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ബേസിക് അക്കൗണ്ട് ആക്കൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടേതാണ് ഉപദേശം. കഴിഞ്ഞ ധനകാര്യവര്‍ഷം 2433 കോടി രൂപയാണ് എസ്ബിഐ ഇടപാടുകാരില്‍നിന്നു മിനിമം ബാലന്‍സ് ഇല്ലാത്തതിന് ഈടാക്കിയത്. എല്ലാ ബാങ്കുകളും ചേര്‍ന്ന് ഈടാക്കിയത് 5000 കോടി രൂപവരും.
ബിഎസ്ബിഡി
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടിലും ജന്‍ധന്‍യോജന അക്കൗണ്ട്, പെന്ഷന് അക്കൗണ്ട്, മൈനര്‍ അക്കൗണ്ട് എന്നിവയിലും മിനിമം ബാലന്‍സ് വ്യവസ്ഥയില്ല. ബിഎസ്ബിഡി അക്കൗണ്ടില്‍ എടിഎം കാര്‍ഡ് ലഭിക്കും. ചെക്ക് ബുക്ക് ഇല്ല. എടിഎം വഴിയോ മറ്റ് ഇലക്ട്രോണിക് രീതികളിലോ ഒരു മാസം നാലു തവണയേ പിന്‍വലിക്കാനാവൂ. ബാങ്കിലെ വിത്ഡ്രോവല്‍ ഫോം ഉപയോഗിച്ചും പണം പിന്‍വലിക്കാം. ബേസിക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്കില്‍ വേറെ എസ്ബി അക്കൗണ്ട് പാടില്ല.
പിഴ ഇങ്ങനെ
മെട്രോകളിലും നഗരങ്ങളിലും 3000 രൂപ, അര്ധനഗരങ്ങളില് 2000 രൂപ, ഗ്രാമങ്ങളില്‍ 1000 രൂപ എന്നിങ്ങനെ ബാലന്‍സ് വേണമെന്നാണ് എസ്ബിഐയുടെ വ്യവസ്ഥ. മിനിമം ഇല്ലെങ്കില്‍ ഈടാക്കുന്ന പിഴ ഈ ഏപ്രിലില്‍ ഗണ്യമായി കുറച്ചെന്നാണു ബാങ്ക് പറയുന്നത്. നേരത്തേ 20 മുതല്‍ 50 വരെ രൂപ ഈടാക്കിയിരുന്നത് ഇപ്പോള്‍ അഞ്ചു മുതല്‍ 15 വരെ രൂപയായി കുറച്ചിട്ടുണ്ട്.
പിഴ ഇപ്പോള്‍ ഇങ്ങനെ
മെട്രോകളിലും നഗരങ്ങളിലും മിനിമത്തിന്റെ പകുതിയെങ്കിലും ഉണ്ടെങ്കില്‍ 10 രൂപ, 75 ശതമാനംവരെ കുറഞ്ഞാല്‍ 12 രൂപ, 75 ശതമാനത്തിലധികം 15 രൂപ.
അര്ധനഗരങ്ങളില്
പകുതിവരെ ഏഴര രൂപ, 75 ശതമാനംവരെ 10 രൂപ, അതിലധികം 12 രൂപ.
ഗ്രാമങ്ങളില്‍
പകുതിവരെ അഞ്ചു രൂപ, 75 ശതമാനംവരെ ഏഴരരൂപ, അതിലധികം 10 രൂപ.