ന്യൂഡല്‍ഹി : പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാക്കുമെന്ന് ആദായനികുതി വകുപ്പ്. പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ന് ആണ്. ഇതിന് മുന്നേ ബന്ധിപ്പിക്കണമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.
ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി നേരത്തെ, നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് 31 ന് ശേഷം സമയപരിധി നീട്ടി നല്‍കില്ലെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് 17.57 കോടി പാന്‍കാര്‍ഡ് ഉടമകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉടമകള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.