കൊച്ചി: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിപ്പുളള എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സുരക്ഷാ ചിപ്പ് വച്ച കാര്‍ഡുകളാക്കിയതോടെ രണ്ടുതരം എടിഎമ്മുകള്‍ ഉണ്ട്. ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് പിടിച്ചുവെയ്ക്കുന്ന എടിഎമ്മും പിടിച്ചുവയ്ക്കാത്ത എടിഎമ്മും. ഇതില്‍ കാര്‍ഡ് പിടിച്ച് വെക്കുന്ന എടിഎമ്മുകളാണ് ഉപഭോക്താക്കളെ ഏറെ വലയ്ക്കുന്നത്.
ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എടിഎമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാകുന്നതുവരെ കാര്‍ഡിനെ യന്ത്രം പിടിച്ചുവെയ്ക്കും. സാധാരണ ചെയ്തതുപോലെ സൈ്വപ്പ് ചെയ്ത ശേഷം പുറത്തെടുക്കാന്‍ കഴിയില്ല. എന്നാല്‍ എടിഎമ്മുകളില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഇതാണ് ഇടപാടുകാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
മെഷീനില്‍ എടിഎം കാര്‍ഡ് കുടുങ്ങിയെന്ന്് കരുതി പലരും പണം എടുക്കാനുളള ശ്രമം ഉപേക്ഷിക്കുന്നതായി കണ്ടുവരുന്നുണ്ട്. എക്സിറ്റ് അടിച്ച് കാര്‍ഡ് പുറത്തെടുക്കുകയാണ് പലപ്പോഴും ഇവര്‍ ചെയ്യുന്നത്.എന്നാല്‍ ഇങ്ങനെ ചെയ്യേണ്ടെന്നും ഉപയോഗം കഴിയുന്നതോടെ കാര്‍ഡ് പുറത്തുവന്നുകൊളളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സുരക്ഷാ ചിപ്പ് റീഡ് ചെയ്യുന്നതിന് വേണ്ടിയാണ് കാര്‍ഡ് പിടിച്ചുവച്ചിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.