തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52) ഭാര്യ സുശീല (50), മകള്‍ ആര്‍ഷ(20) , മകന് അര്ജുന് (18) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ലിബീഷ് അറസ്റ്റിലായത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങളും കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ മുഖ്യപ്രതിയും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കുരങ്ങുപാറ സ്വദേശി അനീഷ് ഒളിവിലാണ്. അനീഷിനായി തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തുന്നുണ്ട്. ഇയാളാണ് ആറു മാസം മുന്‍പ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞിരുന്നു.