തൊടുപുഴ: ഇടുക്കി മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് പോലീസിന്റെ സ്ഥിരീകരണം. കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ജില്ലാ പോലീസ് മോധാവി പറഞ്ഞു.
കേസില്‍ കസ്റ്റഡിയിലായ പ്രതികള്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലായ അടൂര്‍ മൂന്നാം സായുധ ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡറായിരുന്ന പേരൂര്‍ക്കട സ്വദേശി രാജശേഖരന്, മുസ്ലീംലീഗ് ജില്ലാ നേതാവ് കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി അര്‍ഷദ് എന്നിവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ കൃഷ്ണനുമായി ഇടപാടുകള്‍ നടത്തിയിരുന്നവരാണെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും. കേരളമൊട്ടാകെ ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കൃഷ്ണനെയും കുടുംബത്തെയും അറസ്റ്റിലായ ഷിബു തിരുവനന്തപുരം കല്ലറയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
ഇടുക്കിയിലേതിന് സമാനമായ തട്ടിപ്പില്‍ രണ്ടുമാസം മുമ്പ് കല്ലറ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന് വലിയ തുക പ്രതിഫലം വാങ്ങി ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. ഷിബുവിന് ഇത്തരം ഇടപാടുകളുണ്ടായിരുന്നതായും പോലീസ് പറയുന്നു.