നോയിഡ: അമ്മയുടെ പേരിലുണ്ടായിരുന്ന 285 കോടി രൂപയുടെ സ്വത്ത് കൈവശപ്പെടുത്താന്‍ പരേതയായ അമ്മ ജീവിച്ചിരിക്കുന്നുവെന്ന് കാണിച്ചതിന് മുംബൈ സ്വദേശിയേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയായ സുനില്‍ ഗുപ്ത, ഭാര്യ രാധ,മകന് അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. സുനിലിന്റെ അനുജന് വിജയ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന വഞ്ചന പുറത്തായത്.
2011 മാര്‍ച്ചിലാണ് സുനിലിന്റേയും വിജയ്യുടേയും മാതാവ് കമ്ലേഷ് റാണി മരിച്ചത്. ഇവര്‍ മുംബൈയില്‍ ഒരു മെഴുകുതിരി നിര്‍മാണ ഫാക്ടറിയുള്‍പ്പെടെ 285 കോടി രൂപയുടെ സ്വത്തിനുടമയായിരുന്നു. കമ്ലേഷ് റാണി മരണത്തിനു മുമ്പ് തയ്യാറാക്കിയ വില്‍പ്പത്രപ്രകാരം മരണശേഷം രണ്ടു മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിജയ് നല്കിയ പരാതിയില്‍ കമ്ലേഷ് റാണി മരിച്ചതിന് ഒരാഴ്ചയ്ക്കു ശേഷം അമ്മ ജീവിച്ചിരിപ്പുണ്ടെന്നും സ്വത്തുക്കള്‍ തനിക്ക് ദാനം നല്‍കിയെന്നും കാട്ടി വ്യാജരേഖയുണ്ടാക്കി സുനില്‍ സ്വത്ത് തന്റെ പേരിലേക്ക് മാറ്റിയെന്ന് വ്യക്തമാക്കുന്നു.
സുനിലിന്റെ ഭാര്യയും മക്കളുമായിരുന്നു സ്വത്ത് കൈമാറ്റം ചെയ്തതിന് സാക്ഷികളായായി ഒപ്പിട്ടത്. രണ്ടു പേരുടേയും മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന കമ്പനിയുടെ ഫണ്ടുകള്‍ സ്വന്തം പേരിലേക്ക് സുനില്‍ മാറ്റുകയും ചെയ്തിരുന്നു. അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂസ്വത്ത്, ആഭരണങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങി എല്ലാ വിധ സ്വത്തുകളും സുനിലിന്റെ പേരിലേക്ക് മാറ്റിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.