പാലക്കാട്: ആലത്തൂരില്‍ ഏഴ് മാസമായ ഗര്‍ഭിണി ഭര്‍തൃഗൃഹത്തില്‍ ആത്മത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക കണ്ടെത്തല്‍. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിക്കാനിടയാക്കിയത് ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ തുടര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20) യാണ് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്.
സംഭവത്തെത്തുടര്‍ന്ന് എരിമയൂര്‍ മരുതക്കോട് ബിജു (28), എരിമയൂര്‍ മാരാക്കാവ് പുത്തന്‍വീട്ടില്‍ മനോശാന്തി (40) എന്നിവരെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് 29ന് പുലര്‍ച്ചെയാണ് ഐശ്വര്യയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഭര്‍ത്താവ് ബിജുവും കൂടെ പണിചെയ്തിരുന്ന മനോശാന്തിയും തമ്മില്‍ അടുപ്പത്തിലായിരുന്നു.
ഇത് കണ്ടെത്തിയ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്കി. ഭാര്യയുടെ ആത്മഹത്യയുടെ തലേന്ന് ബിജുവിനെയും മനോശാന്തിയിനെയും കാണ്മാനില്ലെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് ബിജുവും ഐശ്വര്യയും വിവാഹിതരായത്. പതിനായിരം രൂപയും 8 പവന്റെ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു.
ഇതു പോരെന്നു പറഞ്ഞ് നിരന്തരം ഐശ്വര്യയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്ത്രീധന പീഡനം, ഭാര്യാ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളിലാണ് ബിജുവിനെതിരെ കേസെടുത്തത്. ഇരുവരെയും തിരുപ്പൂരില്‍ നിന്നാണ് പിടികൂടിയത്.