ബംഗളൂരു: ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്തെത്തി ബംഗളൂരില്‍ മോഷണം നടത്തിയിരുന്ന ഏഴ് അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പോലീസ് വലയിലായി. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ചെന്നൈയിലെത്തിയ ശേഷം ബംഗളൂരിലേക്ക് പോയി മോഷണം നടത്തുകയായിരുന്നു ഈ സംഘത്തിന്റെ പതിവ്. കൃത്യം നടത്തിയ ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും.
ഞായറാഴ്ചയാണ് ജെബി നഗര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഈ സംഘം നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളാണ്. മോഷണസംഘത്തെ കൂടാതെ കവര്‍ച്ചമുതല്‍ ഇവരുടെ കൈയില്‍ നിന്ന് സ്ഥിരമായി വാങ്ങിയിരുന്ന അഞ്ചു പേരെയും അറസ്റ്റു ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമ്പത് ലക്ഷത്തോളം വില വരുന്ന സ്വര്‍ണവും വെള്ളിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
രണ്ടു മാസം മുമ്പ് ജെബി നഗറിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ അര്മാന്, ആശിഷ് എന്നീ സംഘാംഗങ്ങളുടെ ദൃശ്യങ്ങള്‍ പോലീസിന് സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് അര്മാന് 2014 ല്‍ അശോകനഗര്‍ പോലീസ് അറസ്റ്റിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നു നടന്ന വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ പോലീസ് വലയിലായത്.