നല്‍ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. പ്രണയ് പെരുമല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നാല്‍ഗൊണ്ട ജില്ലയിലെ ജ്യോതി ആശുപത്രിക്ക് പുറത്തുവച്ചായിരുന്നു സംഭവം.
ഗര്‍ഭിണിയായ ഭാര്യ അമൃതയുടെ ചെക്കപ്പ് കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോഴാണ് പ്രണയിനെ പിന്നിലൂടെ എത്തിയ മറ്റൊരു യുവാവ് കൊലപ്പെടുത്തിയത്.
ഭാര്യയുമായി സംസാരിച്ചു കൊണ്ട് പുറത്തേക്ക് പോകുകയായിരുന്ന യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു യുവാവ് വടിവാളിന് വെട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആദ്യത്തെ വെട്ടിന് തന്നെ നിലത്ത് വീണ യുവാവിനെ അക്രമി ഒന്നുകൂടി വെട്ടി. ഇയാള്‍ തല്‍ക്ഷണം മരിച്ചു.
പ്രണയിന്റെ ഭാര്യ അമൃതയും ഇവരുടെ തൊട്ടുപിന്നാലെ നടന്നിരുന്ന യുവതിയും സഹായം അഭ്യര്‍ത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും സിസിടിവി വീഡിയോയില്‍ ദൃശ്യമാണ്.
പ്രണയും അമൃതയും ആറ് മാസം മുമ്പാണ് വിവാഹിതരായത്. അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. പ്രണയിന്റേത് ജാത്യാഭിമാന കൊലയാണെന്നാണ് പ്രാഥമിക നിഗമനം. പ്രണയ് എസ്സി/എസ്ടി വിഭാഗക്കാരനാണ്. അമൃത സവര്‍ണ ഹൈന്ദവ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയുമാണ്. അമൃതയുടെ പിതാവ് മാരുതി റാവുവാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രണയിന്റെ കുടുംബം ആരോപിച്ചു.