മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യുടെ പുത്തന്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ പേര് ‘ഇന്‍ഫെര്‍ണൊ’ എന്നാവുമെന്നു സൂചന. സാങ്യങ് ‘ജി ഫോര്‍ റെക്സ്റ്റ’ന്റെ ബാഡ്ജ് എന്‍ജിനീയറിങ് പതിപ്പായി നവംബര്‍ 19ന് അരങ്ങേറുന്ന ഈ എസ് യു വിയുടെ പേര് ‘എക്സ് യു വി 700’ എന്നാവുമെന്നായിരുന്നു ആദ്യ പ്രതീക്ഷകള്‍.
പുതിയ പ്രീമിയം എസ് യു വിക്കു പേരു തിരഞ്ഞെടുക്കുമ്പോള്‍ പതിവു ശൈലി കൈവിടുമെന്നു മഹീന്ദ്ര തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു; സാധാരണ ഗതിയില്‍ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയും ‘ഒ’ എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന വിധത്തിലുമാണു കമ്പനി എസ് യു വികള്‍ക്കു പേരു നിശ്ചയിക്കാറുള്ളത്.
എന്നാല്‍ ഇന്റര്‍നെറ്റിലും ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളിലുമൊക്കെ മഹീന്ദ്ര നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധിച്ചാല്‍ പുതിയ പ്രീമിയം എസ് യു വിയുടെ പേര് ‘ഇന്‍ഫെര്‍ണൊ’ എന്നാവുമെന്ന സൂചന ശക്തമാണ്. ‘മഹീന്ദ്രഇന്ഫെര്ണൊഡോട്ട് കോം’ എന്ന ഡൊമെയ്ന്‍ നാമം മഹീന്ദ്ര സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
അതുകൊണ്ടു തന്നെ അടുത്ത മാസമെത്തുന്ന പ്രീമിയം എസ് യു വിയോ ‘എസ് 201’ എന്ന പേരില്‍ വികസനഘട്ടത്തിലുള്ള മോഡലോ ഈ പേരിലാവും വിപണിയിലെത്തുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. മാത്രമല്ല കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ അറ്റ്മഹീന്ദ്രഇന്ഫെര്ണൊ എന്ന പേരില്‍ മഹീന്ദ്ര പുതിയ ട്വിറ്റര്‍ ഹാന്‍ഡിലും ആരംഭിച്ചിട്ടുണ്ട്.
നരകത്തിനുള്ള ഇറ്റാലിയന്‍ വാക്കായ ‘ഇന്‍ഫെര്‍ണൊ’യില്‍ നിന്നാണു മഹീന്ദ്ര പുതിയ എസ് യു വിക്കുള്ള പേരു കണ്ടെത്തുന്നത്. ഇന്ത്യന്‍ പ്രീമിയം എസ് യു വി വിപണിയില്‍ ടൊയോട്ട ‘ഫോര്‍ച്യൂണര്‍’, ഫോഡ് ‘എന്‍ഡേവര്‍’, ഇസൂസു ‘എം യു എക്സ്’ തുടങ്ങിയവയോടാവും മഹീന്ദ്രയില്‍ നിന്നുള്ള പുതുമുഖത്തിന്റെ പോരാട്ടം.
സാങ്യങ്ങിന്റെ ‘മുസൊ’ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുക. 4850 എം എം നീളവും 1960 എം എം വീതിയും 1800 എം എം ഉയരവുമാണു ‘ജി ഫോര്‍ റെക്സ്റ്റനു’ള്ളത്. 2,865 എം എമ്മാണു വീല്‍ബേസ്.
എസ് യു വിക്കു കരുത്തേകുക 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാവും; 187 ബി എച്ച് പിയോളം കരുത്തും 420 എന്‍ എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. മെഴ്സീഡിസില്‍ നിന്നു കടമെടുത്ത ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സാണു ട്രാന്സ്മിഷന്.