ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ നിരയുടെ രാജകുമാരന് ചീഫ്ടെയ്ന്‍ എലൈറ്റ് ഓഗസ്റ്റ് 12-ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ഇതിന് മുന്നോടിയായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ചീഫ്ടെയ്ന്‍ എലൈറ്റ് സ്ഥാനംപിടിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ വിറ്റഴിക്കാന്‍ ആകെ 350 യൂണിറ്റ് എലൈറ്റ് മാത്രമേ കമ്പനി നിര്‍മിച്ചിട്ടുള്ളൂ. അതിനാല്‍ വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയിലെത്തുകയുള്ളു.
ഇതിന്റെ പ്രധാന സവിശേഷത 350 യൂണിറ്റില്‍ ഓരോ ബൈക്കും വ്യത്യസ്ത രൂപത്തിലായിരിക്കും എന്നതാണ്. ഇതിനായി എല്ലാത്തിലും കസ്റ്റം ഇന്‍സ്പയേര്‍ഡ് പെയ്ന്റാണ് ഉപയോഗിക്കുക. സ്റ്റാന്റേര്‍ഡ് ചീഫ്ടെയ്ന്‍ നിരയിലെ എറ്റവും ഉയര്‍ന്ന വകഭേദമാണ് പുതിയ ചീഫ്ടെയ്ന്‍ എലൈറ്റ്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ്, യുഎസ്ബി, എഫ്എം എന്നീ സൗകര്യങ്ങളുള്ള 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 200-വാട്ട് ഓഡിയോ സിസ്റ്റം, ലെതര്‍ സീറ്റ്, ക്രൂയിസ് കണ്ട്രോള്, റിമോട്ട് ലോക്കിങ് സാഡില്‍ബാഗ്, കീലെസ് സ്റ്റാര്‍ട്ട്, വിന്‍ഡ്ഷീല്‍ഡ്, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ബില്ലെറ്റ് അലൂമിനിയം ഫ്ളോര്‍ബോര്‍ഡ് എന്നിവ എലൈറ്റിനെ മറ്റുള്ളവയില്‍ നിന്നും വേറിട്ടുനിര്‍ത്തും.
സുരക്ഷയ്ക്കായി മുന്നില്‍ 300 എംഎം ട്വിന്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ 300 എംഎം സിംഗിള്‍ ഡിസ്കുമാണ് ഉള്ളത്. റൈഡര്‍ക്ക് മികച്ച ഡ്രൈവിങ് അനുഭവം നല്കാന് മുന്നില്‍ 119 എംഎം ടെലസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ 114 എംഎം സിംഗിള്‍ ഷോക്കുമാണ് സസ്പെന്ഷന്. ഇന്ത്യന്‍ ചീഫ്ടെയ്നിലെ അതേ എന്‍ജിനാണ് എലൈറ്റിലുമുള്ളത്. 3000 ആര്‍പിഎമ്മില്‍ 161.6 എന്‍എം ടോര്‍ക്കേകും എന്ജിന്. പവര്‍ എത്രയാണെന്ന് കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 100 ബിഎച്ച്പിക്ക് മുകളില്‍ പവര്‍ പ്രതീക്ഷിക്കാം. 35-40 ലക്ഷത്തിനുള്ളിലായിരിക്കും ഇതിന്റെ വില. ഹാര്‍ലി ഡേവിഡ്സണ് റോഡ് ഗ്ലൈഡ് സ്പെഷ്യലായിരിക്കും ഇന്ത്യയില്‍ ചീഫ്ടെയ്ന്‍ എലൈറ്റിന്റെ എതിരാളി.