കോട്ടയം: അതിശക്തമായ മഴയില്‍ ഗൂഗിള്‍ മാപ്പും നോക്കി നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. കോട്ടയം തിരുവാതുക്കലിനു സമീപത്താണ് സംഭവം. കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന് അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ നാട്ടുകാരുടെ ഇടപെടലില്‍ രക്ഷപെട്ടു.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് വരികയായിരുന്നു കുടുംബം. നേരം വൈകി എറണാകുളത്ത് നിന്ന് യാത്ര തിരിച്ച കുടുംബം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് യാത്ര ചെയ്തത്. എന്നാല്‍ വഴിതെറ്റി തിരുവാതുക്കല്‍ നിന്ന് ഇവര്‍ പാറേച്ചാലില്‍ എത്തുകയായിരുന്നു.
ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്. റോഡും തോടും തിരിച്ചറിയാനാവാത്ത സാഹചര്യമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൈത്തോട്ടിലേക്ക് കാര്‍ പതിച്ചതും ചില്ലുകളില്‍ ഇടിച്ച് കാറിലുണ്ടായിരുന്നവര്‍ ഒച്ചയിട്ടതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കാറിനൊപ്പം ഓടിയ നാട്ടുകാരായ യുവാക്കള്‍ വെള്ളത്തില്‍ ചാടി കാറ് തൂണുമായി ബന്ധിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുഞ്ഞടക്കമുള്ളവരെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. രാത്രി എത്തിയ ബന്ധുക്കള്‍ക്കൊപ്പം കുടുംബം തിരുവല്ലയിലേക്ക് മടങ്ങി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.