ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്നു യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും സ്ത്രീകള്‍ അവര്‍ സുരക്ഷിതരാണോ എന്ന് ചിന്തിക്കാറില്ല. വസ്ത്രങ്ങള്‍ തന്നെ പലപ്പോഴും പിന്‍സീറ്റ് യാത്രികരായ സ്ത്രീകളെ അപകടത്തില്‍ പെടുത്താറുണ്ട്. ഇത്തരത്തില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നല്കുന്ന ചിത്രവും സന്ദേശവുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
അപ്രതീക്ഷിതമായി സംഭവിക്കാവുന്ന അപകടത്തിന്റെ ദൃശ്യം ആവിഷ്കരിച്ച ഫോട്ടോഗ്രാഫിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ചാനലിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രവും കുറിപ്പും പ്രത്യക്ഷപ്പെട്ടത്. പിന്‍സീറ്റിലിരിക്കുന്ന യുവതിയുടെ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങുന്നതും യുവതി റോഡിലേക്ക് മലര്‍ന്നടിച്ചു വീഴാന്‍ തുടങ്ങുന്നതുമായ ദൃശ്യങ്ങളാണ് യഥാര്‍ത്ഥ അപകടമാണെന്ന് തോന്നുന്ന രീതിയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘ഒരിക്കലും ഇത് ചെറിയൊരു കാര്യമാണെന്ന് പറഞ്ഞ് തള്ളി കളയരുത്. ഒരു ജീവന് വരെ നഷ്ടപ്പെടുന്ന ഒന്നാണിത്. അമ്മയായിട്ടും പെങ്ങളായിട്ടും ഭാര്യയുമായിട്ടൊക്കെ പോവുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ബൈക്കില്‍ പോവുമ്പോള്‍ ഷാളോ, സാരിയോ, വസ്ത്രത്തിന്റെ താഴ്ഭാഗമോ നീളം കൂടുതലാണെങ്കില്‍ അത് മാക്സിമം ഒതുക്കി പിടിക്കാന്‍ നോക്കുക.
ഇല്ലെങ്കില്‍ അത് ബൈക്കിന്റെ ടയറില്‍ കുടുങ്ങി പുറകോട്ടു മലന്ന് അപകടം ഉണ്ടാകും. മാക്സിമം ഇത് ശ്രദ്ധിക്കാന്‍ നോക്കുക. ഇത്തരത്തിലുള്ള അപകടങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അനവധി നടക്കുന്നുണ്ട്. എല്ലാവരുടെയും ശ്രദ്ധയില്‍പെടുത്തുക. ഓരോ നല്ല തോന്നലുകളും ജീവന്റെ തുടിപ്പുകള്‍ ആണെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. വിഷയത്തിന്റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കുന്ന ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.