യുവാക്കളെ ആരാധകരാക്കാനായി സ്പോര്‍ട്ടി ഭാവത്തോടെ എര്‍ട്ടിഗയുടെ ക്രോസ് ഓവര്‍ മോഡല്‍ അവതരിക്കാനൊരുങ്ങുന്നു. വാഹനം അടുത്ത ദീപാവലിക്കാണ് നിരത്തുകളിലേക്ക് എത്തുക. മുന്‍ മോഡലുകളെക്കാള്‍ ഇന്ധന ക്ഷമത ഉറപ്പാക്കുന്നതിന് പുറമെ, കൂടുതല്‍ കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും പുതിയ വാഹനം എത്തുകയെന്നാണ് സൂചന.
സുസുക്കി വികസിപ്പിച്ച പുതിയ ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമിലായിരിക്കും എര്‍ട്ടിഗയുടെ ക്രോസ് ഓവര്‍ പുറത്തിറക്കുക. മാരുതിയുടെ ചെറു എസ്യുവിയായ എസ്-ക്രോസിന്റെ മാതൃകയിലായിരിക്കും ക്രോസ് ഓവറിന്റെ മുന്‍വശത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുക.
ക്രോമിയം ഫിനീഷിങ് ഗ്രില്ലുകളും ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്ന ബമ്പറും എസ്-ക്രോസിന്റെ മുന്‍വശത്തിന്റെ മോഡി കൂട്ടുന്നു. മൂന്ന് നിരയിലായി ആറ് സീറ്റുകളായിരിക്കും ഈ വാഹനത്തിലുള്ളത്. കറുപ്പ് നിറമായിരിക്കും ക്യാബിനില്‍ നല്‍കുക. ഇതിന് പുറമെ, നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സംവിധാനങ്ങളുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമായിരക്കും ഇതില്‍ നല്‍കുക.
ഹൈബ്രീഡ് ടെക്നോളജിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് എര്‍ട്ടിഗ പുറത്തിറക്കുക. എര്‍ട്ടിഗ ക്രോസ് ഓവറില്‍ നല്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. ഗിയര്‍ബോക്സ് ആറ് സ്പീഡ് മാനുവലും, നാല് സ്പീഡ് ഓട്ടോമാറ്റിക്കുമായിരിക്കും.