ഇന്ത്യയില്‍ വന്‍നേട്ടം ലക്ഷ്യമിട്ട് കിയ മോട്ടോഴ്സ്. കിയയുടെ ആദ്യ മോഡലായ ‘എസ്പി 2 ഐ’ എന്ന കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം 2019 പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഓരോ ആറുമാസവും ഒരു പുതിയ മോഡല്‍ വീതം അവതരിപ്പിക്കാനാണ് കിയ മോട്ടോഴ്സ് ഒരുങ്ങുന്നതെന്ന് കിയ മോട്ടോഴ്സ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഗ്രൂപ്പ്) യോങ് എസ് കിം പറഞ്ഞു.
2020 അവസാനത്തോടെ ഇന്ത്യയിലുള്ള മൊത്തം മോഡലുകളുടെ എണ്ണം മൂന്നാകും. കൂടാതെ പ്രതിവര്‍ഷം മൂന്നുലക്ഷം കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. എസ്പി2ഐ കഴിഞ്ഞാല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) അവതരിപ്പിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള എസ്യുവി, എംപിവി വിഭാഗത്തിലായിരിക്കും തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ ഇന്ത്യന്‍ വിപണിക്കു വേണ്ടിയുള്ളതായിരിക്കുമെന്നും ഇത് കയറ്റുമതി ചെയ്യാന്‍ തത്കാലം പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറിയ, അമേരിക്ക, മെക്സിക്കോ,സ്ലൊവാക്യ എന്നിവിടങ്ങളിലായി 14 ഫാക്ടറികളാണ് കിയ മോട്ടോഴ്സിനുള്ളത്.